
തിരുവനന്തപുരം: ആറ്റിങ്ങല്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനി രാഖിശ്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ 28 കാരന് ഡി വൈ എഫ് ഐ ബന്ധമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് പ്രാദേശിക നേതൃത്വം രംഗത്ത്. രാഖിശ്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയൻ ഡി വൈ എഫ് ഐയുടെ ഒരു ഘടകത്തിലും അംഗമല്ലെന്നും ഡി വൈ എഫ് ഐയുമായി യാതൊരു ബന്ധവുമില്ലെന്നും ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വിഷ്ണു ചന്ദ്രൻ പ്രസ്താവനയിലൂടെ അറിയിച്ചു.
മറിച്ചുള്ള പ്രചാരണം വ്യാജ വാർത്തയാണെന്നും ഇത്തരം വ്യാജ വാര്‍ത്തകൾ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ഇത്തരം വാർത്ത പ്രചരിപ്പിച്ച ഓൺലൈൻ വാർത്ത മാധ്യമത്തിനെതിരെ നിയമ നടപടകള്‍ സ്വീകരിക്കുമെന്നും ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വിഷ്ണു ചന്ദ്രൻ പ്രസ്താവനയിൽ വ്യക്തമാക്കി. ചിറയിൻകീഴ് സ്വദേശിയായ 28 കാരന്‍റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ചാൽ യൂത്ത് കോണ്‍ഗ്രസിന്‍റെയും കോൺഗ്രസിന്‍റെയും സജീവ പ്രവര്‍ത്തകനാണ് എന്ന കാര്യം മനസിലാകുമെന്നും ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അഭിപ്രായപ്പെട്ടു.
എസ് എസ് എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി രാഖിശ്രീ പരീക്ഷാഫലം പ്രഖ്യാപിച്ചതിന്‍റെ പിറ്റേദിവസമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രാഖിശ്രീയുടെ ആത്മഹത്യയുടെ കാരണം ചിറയിൻകീഴ് സ്വദേശിയായ യുവാവിന്‍റെ നിരന്തര ഭീഷണിയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശി 28 വയസുകാരനെതിരെ മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകുകയും ചെയ്തിരുന്നു. ബന്ധത്തിൽ നിന്ന് പിന്മാറിയാൽ കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായി രാഖിശ്രീയുടെ അച്ഛൻ രാജീവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ചിറയിൻകീഴ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)