
തിരുവല്ല: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നേരെ ചീമുട്ടയേറ്. രാഹുലിനെ തിരുവല്ല ജെഫ് സിഎം കോടതി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകാനായി മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ നിന്ന് പുറത്തിറക്കിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കിടയിൽ നിന്നാണ് മുട്ടയേറുണ്ടായത്. രാഹുലിനെ കൊണ്ടുവന്ന വാഹനത്തിന് നേരെയായിരുന്നു ഏറുണ്ടായത്. ഏറെ പണിപ്പെട്ടാണ് പൊലീസ് രാഹുലിനെ പ്രതിഷേധക്കാരിൽ നിന്ന് സംരക്ഷിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 3 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടു. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. 7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്.
കസ്റ്റഡി അപേക്ഷ പരിഗണിക്കും മുൻപ് ജാമ്യപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിംഗ് വഴിയാണ്. മൊഴിയെടുത്താൽ മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്നത് പാലിച്ചില്ല. കേസെടുത്തത് പോലും നടപടിക്രമങ്ങൾ പാലിക്കാതെയെന്നും പ്രതിഭാഗം വാദത്തിൽ പറഞ്ഞു. ചട്ടം ലംഘിച്ചാണ് പരാതി സ്വീകരിച്ചത്. അറസ്റ്റിനുള്ള കാരണങ്ങൾ പ്രതിയെ ബോധ്യപ്പെടുത്താനായില്ല. ഭരണഘടനാവകാശ ലംഘനമുണ്ടായെന്നും രാഹുലിന്‍റെ അഭിഭാഷകൻ വാദത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാക്ഷികൾ വേണമെന്ന മിനിമം കാര്യങ്ങൾ പോലും പാലിച്ചില്ല. അറസ്റ്റ് നോട്ടീസിൽ ഒപ്പിടാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.
രണ്ട് സാക്ഷികളുടെ സാന്നിധ്യമുണ്ടാകണമെന്ന ചട്ടം പാലിച്ചില്ലെന്നും രാഹുലിന്റെ അഭിഭാഷകൻ വാദത്തിൽ ചൂണ്ടിക്കാട്ടി. പൊളിറ്റിക്കലി മോട്ടിവേറ്റഡ് കേസ് എന്നാണ് പ്രതിഭാഗം ആവര്‍ത്തിച്ചു വാദിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ കൊണ്ടുനടന്ന് പ്രദർശിപ്പിക്കാൻ ശ്രമമാണെന്നുമായിരുന്നു രാഹുലിന്‍റെ മറ്റൊരു വാദം. അറസ്റ്റ് ചെയ്തപ്പോൾ തന്നെ അത്യാവശ്യ സമയം കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. ചാടിക്കേറി അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. ഒരു കേസിൽ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്, ഒരു കേസിൽ മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്നാമത് ഒരു കേസ് വരുന്നത്. കണ്ടുകിട്ടാനായി തെളിവുകൾ ഇല്ലെന്നും മെനഞ്ഞെടുത്ത കഥയാണെന്നും പ്രതിഭാഗം വാദത്തിൽ ആവര്‍ത്തിച്ചു.
അതേ സമയം, ഇലക്ട്രോണിക് വസ്തുക്കൾ കണ്ടെടുക്കാൻ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പാലക്കാട് കൊണ്ടുപോയി തെളിവെടുക്കണമെന്നും മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. തുടര്‍ന്നാണ് കോടതി രാഹുലിനെ 3 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് ആണ് രാഹുലിനെ ആദ്യം കൊണ്ടുപോകുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam