കാക്കക്കൂട്ടം ആക്രമിച്ച പരുന്തിനെ രക്ഷിച്ചു; ഇപ്പോള്‍ ഷാജിയെ തിരിഞ്ഞു 'കൊത്തി' പരുന്ത്!

Published : Sep 19, 2021, 07:22 AM IST
കാക്കക്കൂട്ടം ആക്രമിച്ച പരുന്തിനെ രക്ഷിച്ചു; ഇപ്പോള്‍ ഷാജിയെ തിരിഞ്ഞു 'കൊത്തി' പരുന്ത്!

Synopsis

തുറന്നു വിട്ടെങ്കിലും പരുന്ത് എങ്ങോട്ടും പോയില്ല. ദയ തോന്നിയ വീട്ടുകാര്‍ പരുന്തിന് ഭക്ഷണവും നല്‍കി. എന്നാല്‍, കുറച്ച് ദിവസം കഴിഞ്ഞതോടെ പരുന്ത് 'പണി' തുടങ്ങി. ആ 'പണി'യാണ് ഇപ്പോള്‍ ഷാജിക്ക് വലിയ 'കെണി' ആയിരിക്കുന്നത്.

കാഞ്ഞങ്ങാട്: കാക്കക്കൂട്ടത്തിന്‍റെ അക്രമത്തിൽ പരിക്കേറ്റ് അവശനിലയിലായ പരുന്തിനെ രക്ഷിച്ചപ്പോള്‍ ഷാജിയും സഹോദരനും വരാന്‍ പോകുന്നത് പൊല്ലാപ്പുകളായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവശനിലയില്‍ ആയിരുന്ന പരുന്തിനെ രക്ഷിച്ച് ഭക്ഷണവും വെള്ളവും നല്‍കി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന ഷാജിയെ ഇപ്പോള്‍ ശരിക്കും പരുന്ത് തിരിഞ്ഞു കൊത്തിയ അവസ്ഥയാണ്.  

ആറു മാസം മുമ്പാണ് കാക്കക്കൂട്ടത്തിന്‍റെ അക്രമത്തിൽ പരിക്കേറ്റ് അവശനിലയിലായ പരുന്തിനെ പുല്ലൂർ കേളോത്തെ കാവുങ്കാൽ ഷാജിയും സഹോദരന്‍ സത്യനും ചേർന്നു രക്ഷപ്പെടുത്തിയത്. ഇരുവരും വീട്ടിലെ കോഴിക്കൂട്ടിലേക്ക് പരുന്തിനെ മാറ്റി ഭക്ഷണമൊക്കെ നല്‍കി നന്നായി പരിചരിച്ചു. അഞ്ച് ദിവസത്തെ പരിചരണം കൊണ്ട് പരുന്ത് ആരോഗ്യം വീണ്ടെടുത്തു.

ഇതോടെ തുറന്നു വിട്ടെങ്കിലും പരുന്ത് എങ്ങോട്ടും പോയില്ല. ദയ തോന്നിയ വീട്ടുകാര്‍ പരുന്തിന് ഭക്ഷണവും നല്‍കി. എന്നാല്‍, കുറച്ച് ദിവസം കഴിഞ്ഞതോടെ പരുന്ത് 'പണി' തുടങ്ങി. ആ 'പണി'യാണ് ഇപ്പോള്‍ ഷാജിക്ക് വലിയ 'കെണി' ആയിരിക്കുന്നത്. അയല്‍വീടുകളിലെ കളിപ്പാട്ടങ്ങള്‍ എല്ലാം പരുന്ത് റാഞ്ചി കൊണ്ട് പോകാന്‍ തുടങ്ങിയതോടെ പരാതികള്‍ വന്നു തുടങ്ങി. തലയ്ക്ക് മുകളിലൂടെ വട്ടമിട്ടു പറക്കുന്ന പരുന്തിനെ പേടിച്ച് കുട്ടികകള്‍ വീടിന് പുറത്തിറങ്ങാതായി.

പരാതികള്‍ കൂടിയതോടെ ഷാജി വനം വകുപ്പിനെ വിവരം അറിയിച്ചു. അധികൃതരെത്തി നീലേശ്വരം മാര്‍ക്കറ്റില്‍ പരുന്ത് കൂട്ടത്തോടൊപ്പം വിട്ടെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് ഷാജിയെ തേടി വീണ്ടും പരുന്ത് എത്തി. കുറച്ച് ദിവസം പ്രശ്നം ഒന്നും ഉണ്ടാക്കാത്തപ്പോള്‍ ഷാജി സന്തോഷിച്ചു. എന്നാല്‍, വീണ്ടും പരുന്ത് പണി തുടങ്ങിയതോടെ അയല്‍വാസികള്‍ പരാതിയുമായെത്തി.

ഇത്തവണ നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് എത്തിയ വനം വകുപ്പ് അധികൃതര്‍ കിലോമീറ്ററുകൾ അകലെയുള്ള കള്ളാർ റെയ്ഞ്ചിലെ റാണിപുരം വനമേഖലയിൽ ആണ് പരുന്തിനെ കൊണ്ട് പോയി വിട്ടത്. അതിന്‍റെ ആശ്വസവും സമാധാനവും അധികം ദിവസം നീണ്ടില്ല. കഴിഞ്ഞ ദിവസം വീണ്ടും പരുന്ത് ഷാജിയും വീട്ടുമുറ്റത്തെത്തി. ഇനി എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഷാജി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂളിലെ 7 ഏഴ് ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി, മലപ്പുറം സ്വദേശിയായ അറബി അധ്യാപകൻ അറസ്റ്റിൽ
'അനശ്വര രക്തസാക്ഷികളുടെ പേരിൽ' സത്യപ്രതിജ്ഞ പറ്റില്ലെന്ന് വൈസ് ചാൻസലർ, ഇറങ്ങിപ്പോയി; കാലിക്കറ്റ് ഡിഎസ്‍യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ റദ്ദാക്കി