Edappal fly over : കുരുക്കില്ലാതെ വേഗത്തിലോടാം; എടപ്പാള്‍ മേല്‍പ്പാലം ഇന്ന് നാടിന് സമര്‍പ്പിക്കും

By Web TeamFirst Published Jan 8, 2022, 8:07 AM IST
Highlights

കിഫ്ബിയില്‍ നിന്ന് തുക ചെലവഴിച്ചാണ് എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട്-തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മാണം. പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടിയാണ് പദ്ധതി കടന്നുപോകുന്നത്. 

മലപ്പുറം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവില്‍ സ്വപ്ന പദ്ധതിയായ എടപ്പാള്‍ മേല്‍പാലം (Edappal Fly over)  ഇന്ന് രാവിലെ 10ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് (PA Muhammad Riyas) നാടിന് സമര്‍പ്പിക്കും. ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമാണ് സഫലമാകുന്നത്. പാലം യാഥാര്‍ഥ്യമായതോടെ എടപ്പാളിലെ ഗതാഗത തടസത്തിന് പരിഹാരമാകും. പാലത്തിന്റെ നാട മുറിക്കല്‍ പരിപാടിക്ക് ശേഷം കുറ്റിപ്പുറം റോഡില്‍ ബൈപാസ് റോഡിന് ഏതിര്‍വശത്തെ ഒഴിഞ്ഞ സ്ഥലത്താണ് ഔദ്യോഗിക ചടങ്ങുകള്‍ സംഘടിപ്പിക്കുക. ചടങ്ങില്‍ കെ ടി ജലീല്‍ എംഎല്‍എ (KT Jaleel MLA) അധ്യക്ഷനാകും.

മന്ത്രിമാരായ വി അബ്ദുറഹിമാന്‍, കെ എന്‍ ബാലഗോപാല്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എംഎല്‍എമാരായ പി നന്ദകുമാര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയ ജനപ്രതിനിധികളും വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികളും വ്യാപാരികളും നാട്ടുകാരും പരിപാടിയില്‍ പങ്കാളികളാകും. 13.6 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലയിലെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായുള്ള ആദ്യ മേല്‍പ്പാലമാണ് എടപ്പാളില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ളത്.

കിഫ്ബിയില്‍ നിന്ന് തുക ചെലവഴിച്ചാണ് എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട്-തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മാണം. പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടിയാണ് പദ്ധതി കടന്നുപോകുന്നത്. കോഴിക്കോട് റോഡില്‍ റൈഹാന്‍ കോര്‍ണറില്‍ നിന്നാരംഭിച്ച് തൃശൂര്‍ റോഡില്‍ പഴയ എഇഒ ഓഫീസ് വരെയുള്ള 218 മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം.

8.4 മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില്‍ മൂന്നര മീറ്റര്‍ സര്‍വീസ് റോഡും ഓരോ മീറ്റര്‍ വീതം നടപ്പാതയും നിര്‍മ്മിച്ചിട്ടുണ്ട്. തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ജംങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയ്ക്കാണ് മേല്‍പ്പാലം നിര്‍മിച്ചത്.
 

click me!