
വയനാട്: മുത്തങ്ങയിൽ ചരക്ക് ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാട്ടാന ചെരിഞ്ഞു. ഇന്ന് വൈകീട്ട് ഉൾവനത്തിൽ വച്ചാണ് ആന ചെരിഞ്ഞതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥലത്ത് ആനക്കൂട്ടമുള്ളതിനാൽ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. ലോറിയിടിച്ച സംഭവത്തിൽ കേസെടുത്ത വനം വകുപ്പ്, ലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി ഷമീജിനെ അറസ്റ്റ് ചെയ്തിരുന്നു.
പരിക്കേറ്റ ആനയ്ക്ക് ഇന്നലെ അധികൃതർ ചികിത്സ നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ചരക്ക് ലോറി ആനയെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ആന കാട്ടിലേക്ക് മാറിയപ്പോൾ ലോറിയുമായി ഡ്രൈവർ സ്ഥലം വിട്ടു.
ഇതിനിടെ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനാൽ ചെക്ക് പോസ്റ്റിൽ വച്ച് ഉദ്യോഗസ്ഥർ ലോറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ ആനയെ കണ്ടെത്തിയത്.
സമീപത്തുണ്ടായിരുന്ന കാട്ടാനകളെ കുങ്കി ആനകളെ ഉപയോഗിച്ച് മാറ്റിയ ശേഷമാണ് പരിക്കേറ്റ ആനയെ ചികിത്സിച്ചത്. ആനയ്ക്ക് തുടർചികിത്സ ഉറപ്പാക്കാനും അതുവരെ നിരീക്ഷണം തുടരാനും വനംവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കെയാണ് ആനയെ ഉൾക്കാട്ടിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam