കയ്യേറ്റ ഭൂമിക്ക് ഏലപ്പാട്ടക്കരാര്‍ നല്‍കി; അനധികൃത ഇടപാട് ചിന്നക്കനാലില്‍

By Web TeamFirst Published Jul 17, 2020, 8:58 PM IST
Highlights

ചിന്നക്കനാല്‍ സിമന്റ് പാലത്ത് സര്‍വ്വേ നമ്പര്‍ 34/1 ഒന്നില്‍ ഉള്‍പ്പെടുന്ന ഭൂമിയാണിത്. കോടികള്‍ വിലമതിക്കുന്ന നാലേക്കര്‍ ഭൂമിക്കാണ് അനധികൃതമായി പാട്ടക്കരാര്‍ എന്ന നിലയില്‍ നല്‍കിയിട്ടുള്ളത്

ചിന്നക്കനാല്‍: സര്‍ക്കാര്‍ ഭൂമി കയ്യേറിയ സ്വകാര്യ വ്യക്തിക്ക് ഭൂമി ഏല കുത്തകപ്പാട്ടക്കരാറായി 20 വര്‍ഷത്തേക്ക് നല്‍കിയതായി ആരോപണം. ഉടുമ്പന്‍ച്ചോല താലൂക്കിന്റെ പരിധിയില്‍ വരുന്ന ചിന്നക്കനാലിലാണ് സര്‍ക്കാര്‍ ഭൂമി ഇത്തരത്തില്‍ ദീര്‍ഘനാളത്തേക്ക് പാട്ടക്കരാറായി നല്‍കിയിരിക്കുന്നത്. ചിന്നക്കനാല്‍ സിമന്റ് പാലത്ത് സര്‍വ്വേ നമ്പര്‍ 34/1 ഒന്നില്‍ ഉള്‍പ്പെടുന്ന ഭൂമിയാണിത്. കോടികള്‍ വിലമതിക്കുന്ന നാലേക്കര്‍ ഭൂമിക്കാണ് അനധികൃതമായി പാട്ടക്കരാര്‍ എന്ന നിലയില്‍ നല്‍കിയിട്ടുള്ളത്. 

റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സര്‍ക്കാര്‍ ഭൂമിയാണിതെന്ന് കണ്ടെത്തി. ചിന്നക്കനാല്‍ സ്വദേശിയായ പ്ലാക്കാട്ട് തോമസ് കുരുവിളയ്ക്കാണ് ഇത്തരത്തിലൊരു കരാര്‍ നല്‍കിയിട്ടുള്ളത്. കുമളിയിലെ അസിസ്റ്റന്റ് കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസില്‍ നിന്നാണ് 20 വര്‍ഷത്തേക്ക് കരാര്‍ അനുമതി നല്‍കിയിട്ടുള്ളത്. കോടികള്‍ വിലയുള്ള സ്ഥലം ഹെക്ടറിന് 5000 രൂപ നിരക്കിലാണ് പുതുക്കിയിട്ടുള്ളത്. ഇതേ ഓഫീസില്‍ ഫയല്‍ നമ്പര്‍ 1274/62 പ്രകാരമാണ് സ്വകാര്യ വ്യക്തിക്ക് ഭൂമിയുടെ കരാര്‍ പുതുക്കി നല്‍കിയതെന്ന് കുമളി അസി.കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസര്‍ പറഞ്ഞു. 

പാട്ടക്കരാര്‍ ലഭിച്ചതിനു പിന്നാലെ പ്രദേശത്തെ 35 ഏക്കറോളം ഭൂമിയും അനധികൃതമായി കയ്യേറിയിട്ടുണ്ടെന്നും റവന്യൂ വകുപ്പ് കണ്ടെത്തി. കൂടുതല്‍ രേഖകള്‍ പരിശോധിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദേവികുളം സബ്കളക്ടര്‍ അറിയിച്ചു. ആനയിറങ്കല്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തുള്ള ഭൂമി 2011ല്‍ റവന്യൂ വകുപ്പ് കയ്യേറ്റക്കാരില്‍ നിന്ന് തിരിച്ച് പിടിച്ചതാണ്. അന്ന് ഒഴുപ്പിച്ചെടുത്ത 13 ഏക്കര്‍ ഭൂമിയില്‍ ഉള്‍പ്പെടുന്ന നാലേക്കറിനാണ് ഇപ്പോള്‍ പുതുതായി പാട്ടക്കരാറായി നല്‍കിയിട്ടുള്ളത്. 

ചിന്നക്കനാലില്‍ ഇത്തരത്തില്‍ ഏലപ്പാട്ടക്കരാറുമായി ബന്ധപ്പെട്ട് ഭൂമികയ്യേറ്റം വ്യാപകമാകുന്നത് മുമ്പും വാര്‍ത്തകളായിട്ടുണ്ട്. പലപ്പോഴും ഇത്തരം ഭൂമി പാട്ടക്കരാറായി പുതുക്കി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സ്വന്തമാക്കുകയെന്ന നയമാണ് പലരും സ്വീകരിക്കുന്നത്. ഏലപ്പാട്ടക്കറായി നല്‍കുന്ന ഭൂമികളില്‍ അനധികൃത നിര്‍മ്മാണങ്ങളും ധാരാളമായി നടക്കുന്നു. നിലവില്‍ പാട്ടക്കരാര്‍ നല്‍കിയിട്ടുള്ള ഈ സ്ഥലത്തിന്റെ കരം സ്വീകരിക്കരുതെന്ന് ഉടുമ്പന്‍ച്ചോല തഹസില്‍ദാര്‍ ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

click me!