
വയനാട്: വയനാട്ടില്‍ സ്വാഭാവികവനം വെട്ടിമാറ്റി തേക്ക്പ്ലാന്‍റേഷന്‍ സ്ഥാപിക്കാനുള്ള വനംവകുപ്പിന്‍റെ നീക്കം വിവാദത്തിലേക്ക്. മാനന്തവാടിയില്‍ നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍റെ ഭാഗമായുള്ള 39 ഹെക്ടറോളം വനഭൂമിയിലാണ് വീണ്ടും തേക്ക്പ്ലാന്റേഷന്‍ ആരംഭിക്കാനുളള നീക്കം. ഇതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പരിസ്ഥിതി പ്രവർത്തകർ.
1958ലാണ് ബേഗൂർ റേഞ്ചിന് കീഴിലെ 97 ഏക്കറോളം വനഭൂമിയില്‍ തേക്കടക്കമുള്ള ആയിരക്കണക്കിന് മരങ്ങള്‍ വാണിജ്യാവശ്യത്തിനായി വനംവകുപ്പ് നട്ടുപിടിപ്പിച്ചത്. എന്നാല്‍ വർഷങ്ങള്‍ പിന്നിട്ടതോടെ പുതുതായി നട്ട മരങ്ങളേക്കാള്‍ വനത്തിലെ സ്വാഭാവിക മരങ്ങള്‍ വളർന്നു. പ്ലാന്‍റേഷന്‍ ആരംഭിച്ചപ്പോൾ വറ്റിയ നീരുറവകളടക്കം പുനരുജ്ജീവിച്ച് വൈകാതെ പഴയതുപോലെ വനം ജൈവസമ്പന്നമായി. എന്നാല്‍ തേക്ക് മരങ്ങള്‍ നട്ടിട്ട് 60 വർഷം പൂർത്തിയായ സാഹചര്യത്തില്‍ വനത്തിലെ പഴയ തേക്കെല്ലാം മുറിച്ച് പുതിയ തൈകള്‍ നടാനാണ് വനംവകുപ്പ് കണ്ണൂർ സർക്കിള്‍ സിസിഎഫിന്‍റെ നിർദേശം. വരള്‍ച്ചാ ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനത്ത് സ്വാഭാവിക വനവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം വനംവകുപ്പിന്‍റെ ഈ പ്ലാന്‍റേഷന്‍ അനുകൂല നടപടിക്കെതിരെയാണ് പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.
സ്വാഭാവിക വനം വെട്ടിമാറ്റരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ കേന്ദ്ര -. സംസ്ഥാന വനം വകുപ്പു മേധാവികള്‍ക്ക് കത്തയച്ചിട്ടുണ്ട്. വിദ്യാർത്ഥികളെയടക്കം പങ്കെടുപ്പിച്ച് വമ്പിച്ച പ്രക്ഷോഭം സംഘടിപ്പിക്കാനാണ് വിവിധ പരിസ്ഥിതി സംഘടനകളുടെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam