
കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണംകെട്ടിയ രുദ്രാക്ഷമാല കാണാതായി. ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ അണിയിക്കുന്ന തിരുവാഭരണങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഈ മാല. തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ അന്വേഷണം ആരംഭിച്ചു. പുതിയ മേൽശാന്തി സ്ഥാനമേറ്റതിന് ശേഷം നടത്തിയ പരിശോധനയിലാണ് സംഭവം പുറത്ത് അറിഞ്ഞത്.
വിഗ്രഹത്തില്‍ സ്ഥിരമായി ചാർത്തിയിരുന്നതാണ് നഷ്ടപ്പെട്ട രുദ്രാക്ഷ മാല. വലിയ രുദ്രാക്ഷമണികളിൽ സ്വർണംകെട്ടിച്ച മാല രണ്ട് മടക്കുകളാക്കിയാണ് ചാർത്തിയിരുന്നത്. മാലയുടെ തൂക്കം സംബന്ധിച്ച് കൃത്യമായ വിവരമില്ല. ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജറാണ് മാല വഴിപാടായി നൽകിയത്.
ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി പത്മനാഭൻ സന്തോഷ് കഴിഞ്ഞമാസമാണ് ചുമതലയേറ്റത്. തുടര്‍ന്നാണ് തിരുവാഭരണങ്ങളുടെയും പൂജസാമഗ്രികളുടെയും കണക്കെടുത്തത്. ദേവസ്വം അസിസ്റ്റൻഡ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ സ്വർണം കെട്ടിയ രുദ്രാക്ഷമാല ഇല്ലെന്ന് വ്യക്തമായി.
എന്നാൽ കണക്കിൽ പെടാത്ത മറ്റൊരു മാല കൂട്ടത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. വിവരം അറിഞ്ഞ് ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. തിരുവാഭരണ കമ്മീഷണർ എസ് അജിത്കുമാറാണ് സംഭവം അന്വേഷിക്കുന്നത്. അടുത്ത ദിവസം ക്ഷേത്രത്തിൽ ഇത് സംബന്ധിച്ച് ക്ഷേത്രത്തില്‍ പരിശോധന നടത്തും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam