ജോലി താത്കാലികം, പക്ഷേ ശമ്പളം വളരെ കൂടുതൽ; ഒടിടി പ്ലാറ്റ്ഫോമിലെ പണിക്കായി അങ്ങോട്ട് വാങ്ങിയത് 5.86 ലക്ഷം രൂപ

By Web TeamFirst Published Mar 30, 2024, 12:10 AM IST
Highlights

കമ്മീഷന്‍ നല്‍കി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണികളായിരുന്നു ഇവരെല്ലാം. ഇതൊന്നുമറിയാതെയാണ് ജോലിക്കായും പണം നൽകിയത്. 

കോഴിക്കോട്: താല്‍ക്കാലിക ജോലിയിലൂടെ കൂടുതല്‍ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് 5.86 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ പോലീസ് പിടികൂടി. കൊയിലാണ്ടി നടേരി മുത്താമ്പി കിഴക്കേ പറയച്ചാല്‍ അനസ്(33), നടേരി തെക്കേടത്ത്കണ്ടി സാദിഖ്(35), കൈതപ്പൊയില്‍ പടിഞ്ഞാറെതൊടുകയില്‍ ഷിബിലി(27) എന്നിവരെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്. അനസിന്റെ പക്കല്‍ നിന്ന് 5.25 ലക്ഷം രൂപ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഒ.ടി.ടി സ്ട്രീമിംഗ് സര്‍വീസ് സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി വാഗ്ദാനം ചെയ്താണ് സംഘം താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശിയില്‍ നിന്ന് പണം കൈക്കലാക്കിയത്. ടെലഗ്രാം എക്കൗണ്ട് വഴി ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. പിന്നീട് കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യമായ ഇയാള്‍ പോലീസില്‍ പരാതി നല്‍കി. കമ്മീഷന്‍ നല്‍കി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ഈ സംഘത്തില്‍ കൂടുതല്‍ പേര്‍ കണ്ണികളാണെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ കെ.ഒ പ്രദീപ്, പ്രിന്‍സിപ്പല്‍ എസ്.ഐ സജേഷ് സി. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. താമരശ്ശേരി ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!