
പാലക്കാട്: കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തു തടയുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പാലക്കാട് ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ എക്സ്സൈസ് കമ്മീഷണർ അനുമോദിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗം കേരളത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ പാലക്കാട് റെയിൽവേ ഡിവിഷനിൽ , എക്സ്സൈസുമായി സഹകരിച്ചു സ്ഥിരമായി നടത്തുന്ന കർശന പരിശോധനകളിൽ നിരവധി മയക്കു മരുന്ന് കേസുകളും ലഹരി കടത്തുകാരും ആണ് പിടിക്കപ്പെടുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 500 കിലോയിൽ അധികം കഞ്ചാവാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ മാത്രം ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിന്റെയും എക്സൈസിന്റെയും പരിശ്രമത്താൽ പിടികൂടാൻ സാധിച്ചിട്ടുള്ളത്. കൂടാതെ മാരക ലഹരി മരുന്നുകളായ എം ഡി എം എ, ഹാഷിഷ് ഓയിൽ, ഓപിയം, ബ്രൗൺ ഷുഗർ തുടങ്ങി നിരവധി കേസുകൾ ആർ പി എഫും എക്സ്സൈസും ചേർന്നു പിടികൂടിയിട്ടുണ്ട്.
സ്തുത്യർഹമായ സേവനത്തിന് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥരെ എക്സ്സൈസ് കമ്മീഷണർ ശ്രീ എസ്.അനന്തകൃഷ്ണൻ എക്സ്സൈസ് ആസ്ഥാനത്തു വച്ചു അനുമോദിച്ചു. ആർപിഎഫ് ഇൻസ്‌പെക്ടർ എൻ.കേശവദാസ്, സബ് ഇൻസ്‌പെക്ടർ മാരായ ദീപക്.എ.പി, എ.പി.അജിത്ത് അശോക്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മാരായ സജു.കെ, എസ്.എം.രവി, സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ മാരായ അജീഷ് ഒ.കെ, എൻ.അശോക്, വി.സവിൻ, കോൺസ്റ്റബിൾ അബ്ദുൾ സത്താർ എന്നിവരെയാണ് എക്സ്സൈസ് കമ്മീഷണർ അംഗീകരിച്ചു ഡിജിപി യുടെ അനുമോദന പത്രം നൽകിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam