
സുല്‍ത്താന്‍ബത്തേരി: കെഎസ്ആര്‍ടിസി ബസ്സില്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന മൊബൈല്‍ ഫോണുകളുടെ വൻ ശേഖരം പിടിച്ചെടുത്ത് എക്‌സൈസ്. മുത്തങ്ങ ചെക്ക് പോസ്റ്റിൽ ബസ്സില്‍ സീറ്റിനടിയില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ കറുത്ത ബാഗ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് മൊബൈൽ ഫോണുകളുടെ ശേഖരം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പതിനൊന്നരയോടെയാണ് സംഭവം. വിവോ, ഓപ്പോ, ആപ്പിള്‍, പോക്കോ, സാംസങ് തുടങ്ങിയ കമ്പനികളുടെ 75 പഴയഫോണുകളാണ് പിടിച്ചെടുത്തത്.
മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് എക്‌സൈസ് ചെക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെയാണ് പിറകിലെ സീറ്റിനടിയില്‍ ഒരു കറുത്ത ബാഗ് കണ്ടത്. അന്വേഷിച്ചപ്പോൾ ബാഗിന് ഉടമസ്ഥനില്ല. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബാഗില്‍ തുണികള്‍ക്കിടയില്‍ ഫോണുകള്‍ കണ്ടെത്തിയത്. യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന. രേഖകള്‍ ഒന്നും ഇല്ലാതെ ഇത്രയധികം മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുമ്പോള്‍ ചെക്ക് പോസ്റ്റിലെ പരിശോധന ഭയന്ന് ഉടമസ്ഥന്‍ രക്ഷപ്പെട്ടതാകാനാണ് സാധ്യതയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുത്തങ്ങ ചെക്‌പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ പിആര്‍ വിനോദ്, എ.എസ്.അനീഷ്, സിവിൽ എ്സൈസ് ഓഫീസർമാരായ വൈശാഖ്, സുധീഷ് , വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനില , റഈസ എന്നിവരടങ്ങിയ സംഘമാണ് മൊബൈൽ ശേഖരം പിടികൂടിയത്. ചെക്ക് പോസ്റ്റിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ബാഗും പൊലീസിലേക്ക് കൈമാറിയെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam