
ഇടുക്കി: ഇടുക്കിയിൽ ആദിവാസികൾക്കുള്ള ഓണക്കിറ്റ് വിതരണത്തിൽ അഴിമതി നടന്നതായി ആരോപണം. സർക്കാർ നിശ്ചയിച്ച ജയ അരിക്ക് പകരം പഴകിയ റേഷനരിയാണ് ഓണക്കിറ്റിലൂടെ നൽകിയത്. പൂത്ത അരി വേണ്ടെന്ന് ആദിവാസികൾ നിലപാടെടുത്തതോടെ ക്വിന്റൽ കണക്കിന് അരി ജില്ലയുടെ വിവിധ ഇടങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണ്.
കഴിഞ്ഞ സെപ്തംബർ ഏഴിനാണ് ഓൺക്കിറ്റിലൂടെ ആദിവാസികൾക്ക് നൽകാനായി അരികൊണ്ടുവന്നത്. ഓരോ കുടുംബത്തിനും നൽകാൻ സർക്കാർ നിർദ്ദേശിച്ചത് കിലോയ്ക്ക് 32 രൂപ വിലയുള്ള 15 കിലോ ജയ അരിയാണ്. എന്നാൽ വിതരണത്തിനെത്തിച്ചത് കിലോയ്ക്ക് ഒരു രൂപ വില വരുന്ന കാലാവധി തീര്‍ന്ന റേഷനരി. അരി വിതരണത്തിൽ ഇടുക്കിയിലെ കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിൽ നിന്നാണ് നിലവിൽ പരാതി ഉയർന്നിരിക്കുന്നത്. ഇവിടെ മാത്രം ആയിരത്തോളം ആദിവാസി കുടുംബങ്ങളുണ്ട്. ഓണക്കിറ്റിൽ കാലാവധി തീർന്ന അരി തിരുകിയതോടെ ആദിവാസികൾക്ക് നല്ല ഓണസദ്യ നിഷേധിച്ചതിനൊപ്പം സർക്കാരിന് അഞ്ച് ലക്ഷം രൂപയുടെ നഷ്ടവുമുണ്ടായി. ആദിവാസികൾക്കുള്ള അരി വിതരണം അഞ്ചുപേർ ചേർന്ന് തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പട്ടികവർഗ്ഗ വികസന വകുപ്പിന് പരാതി നൽകിയിരിക്കുകയാണ് ആരോപണ വിധേയരായ പ്രൊമോട്ടർമാർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam