വെയിലത്ത് നിര്‍ത്തി വാഹനം കഴുകിച്ചതിനാല്‍ കുഴഞ്ഞുവീണു; പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ക്കെതിരെ പരാതി

By Web TeamFirst Published Sep 29, 2019, 8:58 AM IST
Highlights

വെയിലത്ത് നിര്‍ത്തി വാഹനം കഴുകിച്ചതിനാല്‍ കുഴഞ്ഞുവീണെന്നാരോപിച്ച് പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ക്കെതിരെ പരാതി നല്‍കി മണ്ണാര്‍ക്കാട് ഫയര്‍സ്റ്റേഷന്‍ ഡ്രൈവര്‍. 

പാലക്കാട്: ശിക്ഷാ നടപടിയുടെ ഭാഗമായി വെയിലത്ത് നിര്‍ത്തി വാഹനം കഴുകിച്ചതിനാല്‍ കുഴഞ്ഞുവീണെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ക്കെതിരെ പരാതി. മണ്ണാർക്കാട് ഫയർസ്റ്റേഷൻ ഡ്രൈവറാണ് പരാതി നല്‍കിയത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഡ്രൈവർ കുഴഞ്ഞ് വീണത് വകുപ്പുതല അന്വേഷണത്തിൽനിന്നും രക്ഷപ്പെടാനാണെന്നും ജില്ലാ ഫയർ ഓഫീസർ പറഞ്ഞു.

മണ്ണാർക്കാട് ഫയർസ്റ്റേഷനിലെ ഡ്രൈവർ മനോജാണ് വാഹനം കഴുകുന്നതിനിടെ കുഴഞ്ഞ് വീണത്. വെയിലത്ത് നിർത്തി അഗ്നിശമന സേനയുടെ വാഹനം കഴുകിച്ചതാണ് കുഴഞ്ഞ് വീഴാൻ കാരണമായതെന്നാണ് മനോജിന്റെ ആരോപണം. ജില്ലാ ഫയർ ഓഫീസറാണ് തന്നെക്കൊണ്ട് വാഹനം കഴുകിച്ചതെന്ന് മനോജ് പറയുന്നു. മനോജിനെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താൻ സംഘടന പ്രവർത്തനം നടത്തുന്നതാണ് മേലുദ്യോസ്ഥരുടെ അതൃപ്തിക്ക് കാരണമെന്നും മനോജ് പറഞ്ഞു.

എന്നാൽ മനോജിനെതിരെ സെക്ഷൻ ഓഫീസർ ജില്ലാ ഓഫീസർക്ക് പരാതി നൽകിയിരുന്നു. ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇക്കാര്യം അന്വേഷിക്കാനാണ് ജില്ലാ ഫയർ ഓഫീസർ മണ്ണാർക്കാട് സ്റ്റേഷനിലെത്തിയത്. മനോജ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ ഓഫീസർ അരുൺ ഭാസ്ക്കർ വ്യക്തമാക്കി.
 

click me!