വെള്ളമുണ്ട മദ്യദുരന്തം: ആളുമാറിയുള്ള കൂട്ടക്കൊലപാതകമെന്ന് പൊലീസ്, പ്രതി അറസ്റ്റില്‍

Published : Oct 08, 2018, 11:34 AM ISTUpdated : Oct 08, 2018, 11:56 AM IST
വെള്ളമുണ്ട മദ്യദുരന്തം:  ആളുമാറിയുള്ള കൂട്ടക്കൊലപാതകമെന്ന് പൊലീസ്, പ്രതി അറസ്റ്റില്‍

Synopsis

തന്‍റെ ഭാര്യയുമായും സഹോദരിയുമായും സുഹൃത്തിന് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി. സുഹൃത്തില്‍ നിന്നും മദ്യം കിട്ടിയ മൂന്ന് നിരപരാധികള്‍ വിഷം കുടിച്ച് കൊലപ്പെട്ടു. 

കല്‍പ്പറ്റ: വെള്ളമുണ്ട കൊച്ചാറയിലെ മൂന്ന് പേരുടെ മരണത്തിനിടയായ മദ്യദുരന്തം ആസൂത്രിതമായി സൃഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ മാനന്തവാടി സ്വദേശിയും സ്വര്‍ണപ്പണിക്കാരനുമായ പ്രതി സന്തോഷിനെ സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് (എസ്.എം.എസ്) വിഭാഗം ഡി.വൈ.എസ്.പി കുബേരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം അറസ്റ്റ് ചെയ്തു. 

അടുത്ത സുഹൃത്തായ സജിത്തിനെ കൊലപ്പെടുത്താനായി സന്തോഷ് മദ്യത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. തന്‍റെ ഭാര്യയുമായും സഹോദരിയുമായും സജിത്തിന് ബന്ധമുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ സന്തോഷ് കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാല്‍ തനിക്ക് കിട്ടിയ വിഷം കലര്‍ന്ന മദ്യം സജിത്ത്  ഉപഹാരമായി നല്‍കിയതോടെയാണ് അച്ഛനും മകനും ബന്ധുവുമടക്കം മൂന്ന് പേരുടെ കൂട്ടക്കൊലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ... സന്തോഷില്‍ നിന്നും മദ്യം വാങ്ങിക്കുന്ന ശീലം സജിത്തിനുണ്ടായിരുന്നു. ഇതാണ് മദ്യത്തില്‍ വിഷം കലര്‍ത്തി സജിത്തിനെ കൊല്ലാന്‍ സന്തോഷിനെ പ്രേരിപ്പിച്ചത്.  കഴിഞ്ഞ മാസം നാലാം തീയതി മകളുടെ പേടി മാറാന്‍ വേണ്ടി സജിത്ത് തികിനായി എന്നയാളെ കൊണ്ട് പ്രത്യേക പൂജ ചെയ്യിച്ചിരുന്നു. ഈ പൂജയ്ക്ക് ശേഷം ഉപഹാരമെന്ന നിലയില്‍ തികിനായിക്ക് സന്തോഷ് നല്‍കിയ മദ്യം സജിത്ത് സമ്മാനിച്ചു. 

ഈ മദ്യം കഴിച്ച തികിനായി വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. പ്രായാധിക്യം മൂലമാവാം മരണം എന്നായിരുന്നു തികിനായിയുടെ ബന്ധുകള്‍ കരുതിയത്. തികിനായിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിച്ച ശേഷം രാത്രിയോടെ തികിനായിയുടെ മകന്‍ പ്രമോദും (35), ബന്ധുവായ പ്രസാദും (38) അവശേഷിച്ച മദ്യം എടുത്തു കുടിച്ചു. മദ്യം കഴിച്ചതിനെ പിന്നാലെ ഇവരും കുഴഞ്ഞുവീണു മരിച്ചു. ഇതോടെ സംശയം തോന്നിയ ബന്ധുകളും നാട്ടുകാരും വിവരം പൊലീസില്‍ അറിയിക്കുകയും അവശേഷിച്ച മദ്യം കൈമാറുകയും ചെയ്തു. 

മരണപ്പെട്ട മൂന്ന് പേരുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും മദ്യം കോഴിക്കോട്ടെ ലാബില്‍ നടത്തിയ പരിശോധനയിലും പൊട്ടാസ്യം സയനൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കൊലപാതക സാധ്യതയിലേക്ക് പൊലീസ് അന്വേഷണം തിരിയുന്നത്. തികിലാനിക്ക് മദ്യം എത്തിച്ചു കൊടുത്ത സജിത്തിനെ ആദ്യം അറസ്റ്റ് ചെയ്ത പൊലീസ് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കിയ സന്തോഷിനേയും കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. 

വിഷം കലര്‍ത്തിയ മദ്യം കഴിക്കാന്‍ പ്രസാദിനും പ്രമോദിനും ഒപ്പം മറ്റൊരു ബന്ധു കൂടി വന്നിരുന്നുവെങ്കിലും ഇവര്‍ ഇദ്ദേഹത്തോട് കഴിക്കരുതെന്ന് ആവശ്യപ്പെട്ടതിനാല്‍ അയാള്‍ രക്ഷപ്പെടുകയായിരുന്നു. മാനന്തവാടി ഡി.വൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ അന്വേഷിച്ചുവന്നിരുന്ന കേസ് പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളാണെന്ന് കണ്ടെത്തി എസ്.എം.എസ് വിഭാഗത്തിന് കൈമാറുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
വീടിന് പുറത്തല്ല, തിരുവനന്തപുരത്തെ വീടിനകത്ത് പ്രത്യേക ഫാനടക്കം സജ്ജീകരിച്ച് യുവാവിന്‍റെ കഞ്ചാവ് തോട്ടം! കയ്യോടെ പിടികൂടി പൊലീസ്