മൂന്ന് വർഷമായി ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Published : Aug 04, 2018, 11:21 AM ISTUpdated : Aug 04, 2018, 11:34 AM IST
മൂന്ന് വർഷമായി ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Synopsis

മൂന്ന് വർഷത്തോളമായി ഡോക്ടർ ചമഞ്ഞ് വ്യാജ അലോപ്പതി ചികിത്സ നടത്തിവന്ന സ്ത്രീയെ ശാന്തമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കാന്തിപ്പാറ കൈതവളപ്പിൽ ബിനി ജെയ്ജൺ(41) നെയാണ് ശാന്തമ്പാറ എസ്.ഐ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

ഇടുക്കി: മൂന്ന് വർഷത്തോളമായി ഡോക്ടർ ചമഞ്ഞ് വ്യാജ അലോപ്പതി ചികിത്സ നടത്തിവന്ന സ്ത്രീയെ ശാന്തമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കാന്തിപ്പാറ കൈതവളപ്പിൽ ബിനി ജെയ്ജൺ(41) നെയാണ് ശാന്തമ്പാറ എസ്.ഐ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഉടുമ്പൻചോല താലൂക്കിൽ സേനാപതി പഞ്ചായത്തിലെ മുക്കുടിലിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.

കഴിഞ്ഞ ദിവസം മുക്കുടിലിൽ എൺപത്തിരണ്ടുകാരിയായ വീട്ടമ്മ വീടിനകത്ത് വീണ് തലയ്ക്കു പരുക്കേറ്റപ്പോൾ പ്രാഥമിക ചികിത്സ നൽകാൻ ബന്ധുക്കൾ ബിനിയുടെ നിരിഞ്ജന ക്ലിനിക്കിലെത്തിച്ചിരുന്നു. ബോധം നഷ്ടപ്പെട്ട വീട്ടമ്മയുടെ മുറിവ് വേഗത്തിൽ തുന്നിക്കെട്ടിയില്ലെങ്കിൽ അപകടമാണെന്ന് പറഞ്ഞ ബിനി വീട്ടമ്മയെ ക്ലിനിക്കിലെ ഓപ്പറേഷൻ തിയേറ്ററിന് സമാനമായ മുറിയിൽ കയറ്റി. തലയിൽ ആഴത്തിൽ മുറിവേറ്റതിനാൽ‌ ഏഴ് തുന്നിക്കെട്ട് തലയ്ക്കകത്തും, എട്ട് തുന്നിക്കെട്ട് പുറത്തും വേണ്ടിവന്നുവെന്നാണ് ഇവർ വീട്ടമ്മയുടെ ബന്ധുക്കളോട് പറഞ്ഞത്. തുന്നിക്കെട്ടലിനും മരുന്നിനുമായി 4075 രൂപയുടെ ബില്ല് നൽകിയതോടെ അമിത ഫീസിനെ ചൊല്ലി വീട്ടമ്മയുടെ ബന്ധുക്കള്‍ ഇവരുമായി തർക്കത്തിലായി. ഇതോടെ നാട്ടുകാരും സംഭവത്തിൽ ഇടപെട്ടു. 

തളർച്ചയും മറ്റ് അസ്വസ്ഥതകളുമുണ്ടായതിനെ തുടർന്ന് വീട്ടമ്മയെ പിന്നീട് രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചപ്പോഴാണ് വ്യാജചികിത്സയുടെ വിവരം പുറത്തറിയുന്നത്. ചികിത്സ നടത്തിയതിന് ബിനി നല്‍കിയ മരുന്നുകളുടെ കുറിപ്പടയും ബില്ലും ആശുപത്രി അധികൃതർക്ക് നൽകിയിരുന്നു. തലയ്ക്കകത്ത് തുന്നിക്കെട്ടു നടത്താൻ സാധിക്കില്ലെന്നും ഇത് വ്യാജചികിത്സ ആണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. തലയിലുണ്ടായ മുറിവ് തുന്നിക്കെട്ടിയത്  ശരിയായ രീതിയില്ലെന്ന് പരിശോധിച്ച ഡോക്ടർ‌ പറഞ്ഞതോടെ കൂടുതല്‍ പരിശോധനകൾക്കായി ഇവരെ അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

തുടർന്ന് വീട്ടമ്മയുടെ ബന്ധുക്കൾ ശാന്തമ്പാറ പൊലീസിൽ പരാതി  നൽകുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ബിനിയുടെ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ ആശുപത്രി ഉപകരണങ്ങളും ആയിരക്കണക്കിന് രൂപയുടെ അലോപ്പതി മരുന്നുകളും കണ്ടെടുത്തു. രണ്ട് വർഷത്തെ നഴ്സിംങ് ഡിപ്ലോമ പഠിച്ചതിന് ശേഷം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്ത് പരിചയമുള്ള ബിനി ഡോക്ടർ ചമഞ്ഞാണ് ഉള്‍ഗ്രാമമായ മുക്കുടിലിൽ വ്യാജചികിത്സ നടത്തിവന്നതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ബിനിയെ കോടതിയിൽ ഹാജരാക്കി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ
കോഴിക്കോട് റെയിഞ്ച് റോവർ കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്