
കൊച്ചി : ഐപിഎസ് ഓഫീസറെന്ന പേരിൽ അടുപ്പമുണ്ടാക്കി, യുവതിയിൽ നിന്ന് പണവും വാഹനവും തട്ടിയ കേസിൽ മലയാളി യുവാവ് വീണ്ടും പിടിയിൽ. ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് നേരത്തെയും തട്ടിപ്പ് നടത്തി നേരത്തെ അറസ്റ്റിലായിട്ടുള്ള വിപിൻ കാർത്തിക്കാണ് വീണ്ടും പിടിയിലായത്. ഐപിഎസ് ഓഫീസർ ചമഞ്ഞ് അടുപ്പം നടിച്ച് യുവതിയിൽ നിന്ന് പണവും വാഹനവും തട്ടിയെടുത്തെന്ന ബംഗ്ലൂളൂരുവിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കൊച്ചി പൊലീസ് വിപിനെ പിടികൂടിയത്. ഇടപ്പള്ളിയിൽ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതി. യുവതിയിൽ നിന്ന് തട്ടിയെടുത്ത കാറും പിടിച്ചെടുത്തു. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ് വിപിൻ. പ്രതിയെ ഉടൻ ബെംഗളൂരു പോലീനു കൈമാറും. ഗുരുവായൂരിൽ ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ബാങ്കിനെ കബളിപ്പിച്ച് വായപയെടുത്ത കേസിൽ 2019 ൽ വിപിനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബെംഗളുരുവിലെ വിവിധ സ്റ്റേഷനുകളിൽ വിപിൻ കാർത്തികിനെതിരെ വഞ്ചനാ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞാണ് വിപിൻ സ്ത്രീകളെ സമീപിക്കുക. ഇപ്പോൾ ഐപിഎസ് ഉദ്യോഗസ്ഥനാണ് എന്നും, ജോലി രാജി വച്ച് ഐഎഎസ്സിന് പഠിക്കാൻ പോകുന്നുവെന്നും പറയും. ജമ്മു കശ്മീർ കേഡർ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് പരിചയപ്പെടുക. മാട്രിമോണിയൽ വെബ്സൈറ്റുകൾ വഴിയാണ് പലപ്പോഴും തട്ടിപ്പ് നടത്തുക. വിവാഹവാഗ്ദാനം നൽകി ബന്ധം സ്ഥാപിക്കും, പിന്നീട് പണവും മറ്റ് വസ്തുക്കളും വാങ്ങും. പണവും ആഭരണങ്ങളും കാറും വഞ്ചനയിലൂടെ സ്വന്തമാക്കി ഫോൺ സ്വിച്ചോഫാക്കി മുങ്ങും. ഇതാണ് വിപിൻ കാർത്തിക്കിന്‍റെ തട്ടിപ്പിന്‍റെ പതിവ് രീതി.ഇപ്പോൾ ബെംഗളുരു സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam