
തിരുവല്ല: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ പേരിലും ഓൺലൈൻ തട്ടിപ്പിന് ശ്രമം. എസ്പിയുടെ പേരിൽ വ്യാജ വാട്സ് അപ് അക്കൗണ്ട് രൂപീകരിച്ചാണ് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരോട് തട്ടിപ്പ് സംഘം പണം ആവശ്യപ്പെട്ടത്. പ്രതികളെ പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് സൈബർ വിഭാഗം. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്‍റെ ഫോണിലേക്കാണ് എസ്പി വി. അജിത്തിന്‍റെ വ്യാജൻ ആദ്യം വാട്സ് ആപ്പ് സന്ദേശം അയച്ചത്.
അടിയന്തരമായി കുറച്ച് പണം വേണം. മെസ്സേജ് കണ്ടയുടൻ ഡിവൈഎസ്പി എസ്പിയെ ഇക്കാര്യം അറിയിച്ചു. വ്യാജൻ പണി തുടങ്ങിയത് അറിഞ്ഞ്, എസ്പി ഉടൻ തന്നെ ഫേക്ക് അക്കൗണ്ടിന്‍റെ സ്ക്രീൻഷോട്ട് എടുത്ത് സ്റ്റാറ്റസും ആക്കി. എന്നാൽ ഈ സമയം കൊണ്ട് ജില്ലയിലെ പല ഉദ്യോഗസ്ഥർക്കും പണം ആവശ്യപ്പെട്ടുള്ള സന്ദേശം എത്തിയിരുന്നു.
ജില്ലാ പൊലീസ് മേധാവിക്ക് പണികൊടുക്കാൻ ഇറങ്ങിയ സംഘത്തെ പൊക്കാൻ ഇതോടെ സൈബർ വിഭാഗം ഇറങ്ങി. അക്കൗണ്ട് വിശദാംസങ്ങൾ പരിശോധിച്ചപ്പോൾ ആന്ധ്ര പ്രദേശിലെ ഗുണ്ടൂരെന്ന് വ്യക്തമായി. എസ്പിയുടെ പേരിലെ വ്യാജ അക്കൗണ്ട് അപ്പോഴേക്കും തട്ടിപ്പ് സംഘം ഒഴിവാക്കിയിരുന്നു.
മറ്റൊരു ഐപിഎസ്സുകാരന്‍റെ പേരിലേക്ക് വ്യാജ അക്കൗണ്ട് ഇവർ മാറ്റി. ആന്ധ്രപ്രദേശ് അല്ല എവിടെയാണെങ്കിലും ജില്ലാ പൊലീസ് മേധാവിക്കിട്ട് പണികൊടുക്കാനിറങ്ങിയവരെ പൊക്കാൻ തന്നെയാണ് സൈബർ സെല്ലിന്‍റെ തീരുമാനം. എസ്പിയുടെ പരാതിയിൽ കേസെടുത്ത് വിശദമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam