
കൽപ്പറ്റ: മൂർഖനും വെള്ളിക്കെട്ടനും ഉൾപ്പെടെയുള്ള വിഷപ്പാമ്പുകൾ വീട്ടിലെ നിത്യസന്ദർശകരായതോടെ മനം മടുത്ത് വീടുപേക്ഷിച്ച് സുൽത്താൻ ബത്തേരിയിലെ ഒരു കുടുംബം. ഗവൺമെൻറ് താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഫെയർലാൻഡിലെ തയ്യിൽ സുനിതയും കുടുംബവുമാണ് നിരന്തരമുണ്ടാകുന്ന പാമ്പിൻ ശല്യത്തിൽ പൊറുതിമുട്ടി വീടുപേക്ഷിച്ചത്. 17 വർഷം മുമ്പാണ് ഫെയർലാൻഡിൽ നാല് സെന്റ് സ്ഥലവും വീടും സുനിത വാങ്ങിയത്.
എട്ടുവർഷം മുമ്പ് വീടിനോട് ചേർന്ന് കുറച്ച് ഭാഗം കൂട്ടി നിർമിച്ചിരുന്നു. ഇതിനുശേഷമാണ് വീട്ടിനുള്ളിൽ സ്ഥിരമായി പാമ്പുകളെ കണ്ടുതുടങ്ങിയതെന്ന് സുനിത പറഞ്ഞു. പൊറുതിമുട്ടി സ്ഥിരമായി പാമ്പുകളെത്തുന്ന അടുക്കളഭാഗവും കുളിമുറിയും പൊളിച്ചുകളഞ്ഞെങ്കിലും പാമ്പ് ശല്യത്തിന് കുറവുണ്ടായില്ല.
വീട് നിന്നിരുന്ന സ്ഥലത്ത് മുമ്പ് മൺപുറ്റുണ്ടായിരുന്നുവെത്രേ. ഇത് പൊളിച്ചുകളഞ്ഞാണ് വീട് പണിതതെന്നാണ് പ്രദേശവാസികളിൽ ചിലർ പറയുന്നത്. ഒരുദിവസംമാത്രം മൂന്ന് വെള്ളിക്കെട്ടനെവരെ വീട്ടിനുള്ളിൽനിന്നും പിടികൂടിയിട്ടുണ്ട്. പ്ലസ് ടൂ വിദ്യാർഥിയായ പവനും പ്ലസ് വൺ വിദ്യാർഥിനിയായ നന്ദനയും സുനിതയുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.
ഭർത്താവ് സതീഷ് എട്ടു മാസംമുമ്പ് അപകടത്തിൽ മരിച്ചതോടെയാണ് മക്കളുമായി ഈ വിട്ടിൽ താമസിക്കാൻ ഭയം തുടങ്ങിയതെന്ന് സുനിത പറഞ്ഞു. മുമ്പ് ഭർത്താവുണ്ടായിരുന്നപ്പോൾ പാമ്പുകളെത്തിയാലും അദ്ദേഹം തന്നെ പാമ്പുകളെ പിടികൂടി കളയുമായിരുന്നു. മുമ്പ് വല്ലപ്പോഴും എത്തിയിരുന്ന പാമ്പുകൾ, നിരന്തരം വീട്ടിനുള്ളിലെത്തിയതോടെയാണ് കുടുംബത്തിന്റെ സ്വസ്ഥത നശിച്ചത്.
പാമ്പുകളെ ഭയന്ന് രാത്രിയിൽ ഉറങ്ങാൻപോലും കഴിയാത്ത അവസ്ഥയായി. കട്ടിലിൽ കിടന്ന് മുകളിലേക്ക് നോക്കിയാൽ പാമ്പ്, കുളിമുറിയിലും വീടിന്റെ ചുമരിലും ആസ്ബസ്റ്റോസ് ഷീറ്റുകൾക്കിടയിലും അടുക്കളയിലും മുറികൾക്കുള്ളിലുമെല്ലാം പാമ്പുകൾ. ഇതോടെയാണ് താമസം മാറാൻ കുടുംബം തീരുമാനിച്ചത്. പാമ്പ് ശല്യം കുറയുന്നതിനായി പലരിൽ നിന്നും കിട്ടിയ പൊടികൈകളെല്ലാം പരീക്ഷിച്ച് നോക്കി.
ചിലരുടെ ഉപദേശപ്രകാരം വിവിധ ക്ഷേത്രങ്ങളിൽ വഴിപാടുകൾ പോലും നടത്തി. ഒടുവിൽ വീടിന്റെ ഒരുഭാഗംത്തന്നെ പൊളിച്ചുകളഞ്ഞു. എന്നിട്ടും ഇഴജന്തുക്കൾ എത്തിക്കൊണ്ടേയിരുന്നു. വീടിന് മുന്നിലെ തോട്ടിലൂടെയാണ് പാമ്പുകൾ ഒഴികിവരുന്നതെന്ന് ചിലർ പറയുന്നു. പക്ഷെ തോടിന്റെ കരയിലുള്ള മറ്റു വീടുകളിലൊന്നും പാമ്പുകൾ എത്താറില്ല. മൂന്ന് മാസം മുമ്പാണ് ഇവർ വീടുപേക്ഷിച്ചത്. ഇപ്പോൾ സഹോദരങ്ങളുടെ വീടുകളിലാണ് താമസം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam