ഒറ്റത്തവണയായി 4.8 ലക്ഷം നൽകണമെന്ന് ബാങ്ക്: വേലായുധനന്‍റെ ആത്മഹത്യ ജപ്തി ഭീഷണിയെ തുടര്‍ന്നെന്ന് വീട്ടുകാര്‍

Published : Nov 23, 2022, 11:24 AM IST
ഒറ്റത്തവണയായി 4.8 ലക്ഷം നൽകണമെന്ന് ബാങ്ക്: വേലായുധനന്‍റെ ആത്മഹത്യ ജപ്തി ഭീഷണിയെ തുടര്‍ന്നെന്ന് വീട്ടുകാര്‍

Synopsis

നവംബർ 30-നകം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 4,80,840 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്.

കോഴിക്കോട്: ജപ്തി ഭീഷണിയിൽ മനംനൊന്ത് ഒരു കർഷകൻ കൂടി ജീവിതം അവസാനിപ്പിച്ചു. പേരാമ്പ്ര അരികുളം കുരുടിമുക്ക് കോരത്ത്കുനി ( താപ്പള്ളിതാഴ ) വേലായുധൻ (64) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വേലായുധൻ ആത്മഹത്യ ചെയ്തത് ജപ്തി ഭീഷണിയെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പിലെ മാവിലാണ് വേലായുധനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തുന്നത്.  

കൊയിലാണ്ടി കോ - ഓപ്പറേറ്റിവ് അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്‍റ് ബാങ്കിൽ നിന്ന് കാർഷിക ആവശ്യങ്ങൾക്കായി മൂന്ന് തവണകളായി ഒമ്പത് ലക്ഷം രൂപ വേലായുധൻ വായ്പ എടുത്തിരുന്നു. ഈ ഇനത്തില്‍ പലിശ അടക്കം 9,25,182 രൂപ ബാങ്കിന് നൽകാനുണ്ടായിരുന്നു. എന്നാല്‍, പല കാരണങ്ങളാൽ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞ ദിവസം ബാങ്ക് ജീവനക്കാർ വീട്ടിലെത്തി നോട്ടീസ് നൽകുകയായിരുന്നു. 

നവംബർ 30-നകം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 4,80,840 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്. എന്നാൽ, തിരിച്ചടവിന് സാവകാശം നൽകണമെന്ന് വേലായുധന്‍ ആവശ്യപ്പെട്ടു. ബാങ്ക് ഇത് അനുവദിച്ച് നല്‍കിയില്ലെന്ന് വേലായുധനന്‍റെ വീട്ടുകാര്‍ ആരോപിച്ചു. ഇതേ തുടർന്നുണ്ടായ മാനസിക സംഘർഷത്തെ തുടർന്നാണ് പിതാവ് ആത്മഹത്യ ചെയ്യാനിടയായതെന്ന് മകൻ വിജിത്ത് പറയുന്നു. ഇത് സംബന്ധിച്ച്  പൊലീസിലും ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകുമെന്നും വിജിത്ത് അറിയിച്ചു. 

കോവിഡ്, ഉൾപ്പെടെയുള്ള പ്രതിസന്ധികളെ തുടര്‍ന്നാണ് വായ്പ തിരിച്ചടവ് ബുദ്ധിമുട്ടിലായത്. ഇതിനിടയിൽ മകൻ ഷിജിത്തിന് അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് വലിയൊരു തുക ആശുപത്രി ചെലവിലേക്ക് മാറ്റേണ്ടി വന്നു. ഇതും വായ്പ തിരിച്ചടവ് വൈകുന്നതിന് കാരണമായി. വായ്പയെടുത്ത് വാങ്ങിയ പശുക്കളെയും ഇക്കാലയളവിൽ വിൽക്കേണ്ടി വന്നതായും വേലായുധന്‍റെ ബന്ധുക്കൾ പറഞ്ഞു.

എന്നാൽ, വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് ജീവനക്കാർ വീട്ടിലെത്തി പണമടയ്ക്കാൻ ആവശ്യപ്പെടുന്നത് സ്വാഭാവിക നടപടി ക്രമം മാത്രമാണെന്ന് കൊയിലാണ്ടി കോ - ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചറല്‍ ആൻഡ് റൂറൽ ഡെവലപ്മെന്‍റ് ബാങ്ക് കൊയിലാണ്ടി ശാഖാ അധികൃതരുടെ വിശദീകരണം. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ 30-നുള്ളിൽ അടച്ചാൽ പിഴപ്പലിശ ഉണ്ടാവില്ല. ഇക്കാര്യം സൂചിപ്പിച്ച കത്താണ് ബാങ്ക് ജീവനക്കാരെത്തി വേലായുധന് കൈമാറിയതെന്നാണ് അധികൃതരുടെ വാദം. അജിതയാണ് വേലായുധന്‍റെ ഭാര്യ. മക്കൾ: കെ.കെ. വിജിത്ത്, കെ.കെ. ഷിജിത്ത്. മരുമക്കൾ: ഷിബിലി, അജിഷ്ണു, സഹോദര ങ്ങൾ: ഭാസ്കരൻ, സുരേഷ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

21.75 പവൻ, മൊത്തം കല്ലുകൾ പതിച്ച അതിമനോഹര സ്വർണകിരീടം, ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച് തൃശൂരിലെ വ്യവസായി
മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം