
ഹരിപ്പാട്: സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേര്‍ഡ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ ഹരികൃഷ്ണന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം. അന്വേഷണം ആവശ്യപ്പെട്ട് സഹോദരങ്ങളായ കെ മുരളീകൃഷ്ണൻ, സൗമിനി ദേവി, ശോഭലത എന്നിവർ മുഖ്യമന്ത്രിയ്ക്കും ക്രൈംബ്രാഞ്ച് എസ് പിയ്ക്കും പരാതി നല്കി. ഹരിപ്പാട് കുമാരപുരം പുത്തേത്ത് പരേതനായ കരുണാകരൻ നായരുടെ മകനാണ് കെ ഹരികൃഷ്ണൻ.
കഴിഞ്ഞ ഏപ്രിൽ 29ന് പുലർച്ചെ 5.30 ഓടെ ചേപ്പാട് രാമപുരം ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള റയിൽവേ ക്രോസിനു സമീപത്താണ് ഹരികൃഷ്ണന്‍റെ മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ക്രോസിന് പടിഞ്ഞാറ് ഭാഗത്ത് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട ഹരികൃഷ്ണന്‍റെ കാറും കണ്ടെത്തിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിക്കുകയും ചെയ്തു. ലോക്കൽ പൊലീസ് ആത്മഹത്യയാണെന്ന് കണ്ടെത്തി കൊണ്ട് ഫയൽ ക്ലോസ് ചെയ്തിരുന്നു.
പൊലീസ് സേനയിൽ വിജയകരമായി സേവനം പൂർത്തിയാക്കുകയും സമ്മർദങ്ങളെയൊക്കെ അതിജീവിക്കുകയും നിരവധി വേദികളിൽ മന:ശാസ്ത്ര ക്ലാസ്സുകൾ എടുക്കുകയും ചെയ്തിട്ടുള്ള പ്രൊഫഷണലായ ഹരികൃഷ്ണൻ മാനസിക സമ്മർദത്തിന് അടിമപ്പെടുമെന്ന് കരുതാനാവുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പോലും സന്തോഷവാനായാണ് ഹരികൃഷ്ണനെ കണ്ടത്. ഇതെല്ലാം സംഭവത്തിന്റെ ദുരൂഹതകൾ വർദ്ധിപ്പിക്കുന്നുവെന്നും അടിയന്തിരമായി പുനരന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരാൻ മുഖ്യമന്ത്രി ഇടപെടണമെന്നാണ് സഹോദരങ്ങളുടെ ആവശ്യം.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
Read More : കൊല്ലം സ്വദേശികളായ ദമ്പതികൾ, ഇന്‍റർനെറ്റിൽ പരസ്യം നൽകി, കെണിയിലായത് 56 പേർ; 2 കോടിയോളം തട്ടി, ഒടുവിൽ പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam