നെല്ല് സംഭരണം ഇഴയുന്നു; വേനല്‍മഴയിൽ ഭയന്ന് കർഷകർ

By Web TeamFirst Published Apr 19, 2019, 8:34 PM IST
Highlights

ചമ്പക്കുളം, രാമങ്കരി കൃഷിഭവനുകളുടെ പരിധിയിലുള്ള പാടശേഖരങ്ങളിലാണ് നെല്ല് സംഭരണം ഇഴയുന്നത്. ചമ്പക്കുളം കൃഷിഭവന്‍ പരിധിയിലെ ഇല്ലിമുറി തെക്കേതൊള്ളായിരം പാടശേഖരത്തില്‍ നെല്ല് സംഭരണം പൂര്‍ത്തിയായിട്ട് ദിവസങ്ങളായി

ആലപ്പുഴ: വൈകുന്നേരത്തെ മൂടിക്കെട്ടിയ അന്തരീക്ഷം കുട്ടനാട്ടിലെ കര്‍ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. വേനല്‍മഴ രണ്ട് ദിവസം കൂടി നീണ്ടുനില്‍ക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇനിയും നെല്ല് സംഭരണം നടക്കാത്ത പാടശേഖരങ്ങള്‍ക്ക് തിരിച്ചടിയാകും.

സംഭരണം പൂര്‍ത്തിയാകാതെ കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ നെല്ല് കെട്ടിക്കിടക്കുകയാണ്. മഴ തുടര്‍ന്നാല്‍ നെല്ല് കിളിര്‍ത്തുപോകുമോയെന്ന ഭയമാണ് കര്‍ഷകര്‍ക്ക്. വിളവെടുപ്പ് പൂര്‍ത്തിയായ പാടശേഖരങ്ങളിലെല്ലാം നെല്ല് സംഭരണം ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

ചമ്പക്കുളം, രാമങ്കരി കൃഷിഭവനുകളുടെ പരിധിയിലുള്ള പാടശേഖരങ്ങളിലാണ് നെല്ല് സംഭരണം ഇഴയുന്നത്. ചമ്പക്കുളം കൃഷിഭവന്‍ പരിധിയിലെ ഇല്ലിമുറി തെക്കേതൊള്ളായിരം പാടശേഖരത്തില്‍ നെല്ല് സംഭരണം പൂര്‍ത്തിയായിട്ട് ദിവസങ്ങളായി.

രണ്ട് ചെറുമില്ലുകള്‍ക്കാണ് ഇവിടുത്തെ സംഭരണ ചുമതല. ഇവരുടെ ഗോഡൗണ്‍ സംഭരണത്തിന്റെ പരിമിതി മൂലമാണ് സംഭരണം താമസിക്കുന്നത്. ഇതുവരെ നാല് ലോഡ് നെല്ലു മാത്രമാണ് ഇവിടെ നിന്ന് മില്ലുകാര്‍ കൊണ്ടുപോയിട്ടുള്ളത്. പ്രളയത്തെ അതിജീവിച്ച് പ്രകൃതി നിറഞ്ഞ മനസ്സോടെ നല്‍കിയ വിളവിന്റെ പ്രയോജനം തങ്ങള്‍ക്ക് ലഭിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

click me!