
മാന്നാർ: നെല്ല് കയറ്റിവന്ന ലോറി ആറ്റിലേക്ക് മറിഞ്ഞ് വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ഡ്രൈവറെയും ചുമട്ട് തൊഴിലാളിയെയും പ്രദേശവാസികളായ കർഷക തൊഴിലാളികൾ രക്ഷപ്പെടുത്തി. ചെന്നിത്തല പഞ്ചായത്ത് തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി പ്രബിന്ദ് ഭവനത്തിൽ പ്രസാദ്, പാമ്പനം ചിറയിൽ ജെ ബെന്നി, ജെ അനി എന്നിവരാണ് വെള്ളത്തിൽ മുങ്ങിയ ഡ്രൈവർ മോഹൻദാസിനെയും ചുമട്ട് തൊഴിലാളി സിബിയെയും രക്ഷപ്പെടുത്തിയത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് 145 ക്വിന്റലോ ലോളം വരുന്ന നെല്ലുമായി ലോറി പാമ്പനം ചിറ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ റോഡിൻ്റെ വശം ഇടിഞ്ഞ് നെല്ലും ലോറിയും ആറ്റിലേക്ക് പതിക്കുകയായിരുന്നു. പ്രദേശവാസികളുടെ കൂട്ടനിലവിളി കേട്ട് പാടത്ത് നെല്ല് നിറച്ചുകൊണ്ടിരുന്ന കർഷക തൊഴിലാളികളായ പ്രസാദ്, ബെന്നി, അനി എന്നിവർ ഓടിയെത്തി ആറ്റിലേക്ക് ചാടി.
ജലനിരപ്പ് ഉയർന്ന പുത്തനാറ്റിൽ ലോറി പൂർണമായി താഴ്ന്നിരുന്നു. ഇതിനിടെ ലോറിയിൽ നിന്നും ആറ്റിലേക്ക് ചാടിയ സിബിയെ രക്ഷപ്പെടുത്തി. പിന്നീട് മൂവരും ആറിൻ്റെ അടിത്തട്ടിലേക്ക് മുങ്ങിയാണ് ഡ്രൈവറായ മോഹൻദാസിനെ ലോറിക്കുള്ളിൽ നിന്നും വലിച്ചെടുത്ത് പുറത്തെത്തിച്ചത്.
വെള്ളം കുടിച്ച് ബോധമറ്റ മോഹൻദാസിനെ ഹരിപ്പാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും രണ്ട് ജീവനുകൾ മരണത്തിൻ്റെ പിടിയിയിൽ നിന്നു കരങ്ങളാൽ കോരിയെടുത്തതിന്റെ സന്തോഷത്തിലാണ് മൂവരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam