
തൃശൂര്‍: മഴയെടുത്ത വിളകളുമായി ചൂണ്ടല്‍ കൃഷിഭവനു മുന്നില്‍ കച്ചവടവുമായി യുവകര്‍ഷകര്‍. ഓണം വിപണിയായിരുന്നു നാലരയേക്കറില്‍ നേന്ത്രവാഴകൃഷിയിറക്കുമ്പോള്‍ തൃശൂര്‍ ഒളരി സ്വദേശികളായ മനോജിന്റെയും സുഹൃത്ത് മുരളിയുടെയും ലക്ഷ്യം. എന്നാല്‍ കനത്ത മഴ ഇവരുടെ സ്വപ്നങ്ങളെ തച്ചു തകര്‍ത്തു. 3500 നേന്ത്രവാഴതൈകളും മറ്റിനം വാഴകളുമാണ് കൃഷി ചെയ്തിരുന്നത്.
മനോജ് ഏറെക്കാലം വിദേശത്ത് ജോലി ചെയ്ത് നേടിയ സമ്പാദ്യവും മുരളി നാട്ടില്‍ ചെറിയ ജോലികള്‍ ചെയ്ത് സ്വരൂക്കൂട്ടിയ തുകയും ചേര്‍ത്താണ് കൃഷിയിറക്കിയത്. നല്ല രീതിയില്‍ കൃഷി ചെയ്തതിനെ തുടര്‍ന്ന് വാഴകളില്‍ വലിയ കുലകളാണ് ഉണ്ടായത്. വിളവെടുക്കാന്‍ രണ്ട് ആഴ്ച്ച മാത്രം ശേഷിക്കവേയാണ് ഇരുവരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ മഴ നാശം വിതച്ചത്.
3500 വാഴകളില്‍ മുക്കാല്‍ ഭാഗവും മഴയില്‍ നടുപൊട്ടിവീണ നിലയിലാണ്. കുലകള്‍ മൂപ്പെത്താത്തതിനാല്‍ വലിയ നഷ്ടമാണ് ഇവര്‍ക്ക് സംഭവിച്ചിട്ടുള്ളത്. നടു പൊട്ടിവീണ വാഴകളിലെ മൂത്ത കുലകള്‍ നാല്‍പ്പത് രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. വലിയ നഷ്ടത്തില്‍ നിന്ന് കരകയറാനാകും എന്ന പ്രതീക്ഷയിലാണ് ഇരുവരും.
ഏറെ പ്രതീക്ഷയോടെ കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് വലിയ ധനനഷ്ടമാണ് മഴക്കെടുതി മൂലം സംഭവിച്ചിട്ടുള്ളതെന്ന് കൃഷി ഓഫീസര്‍ എസ്.സുമേഷ് പറഞ്ഞു. വലിയ നഷ്ടം സംഭവിക്കാതിരിക്കാനാണ് കൃഷിഭവന്‍റെ മുന്നില്‍ വിപണനം ആരംഭിച്ചിട്ടുള്ളതെന്നും കഴിയുന്നവര്‍ ഈ കര്‍ഷകരെ സഹായിക്കണമെന്നും കൃഷി ഓഫീസര്‍ അഭ്യര്‍ഥിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam