Latest Videos

മട്ടുപ്പാവ് കൃഷിയിൽ വിസ്മയം സൃഷ്ടിച്ച് വിമുക്ത ഭടൻ

By Web TeamFirst Published Sep 11, 2020, 10:25 PM IST
Highlights

മട്ടുപ്പാവിൽ പ്രത്യേകം തയ്യാറാക്കിയ മഴമറയിൽ പടവലം, പാവൽ, മുളക്, വെണ്ട, ചീര, തക്കാളി, മത്തൻ, വഴുതനം, പയർ, റെഡ് ലേഡി പപ്പായ എന്നിവയാണ് കൃഷി ചെയ്യുന്നത്

മാന്നാർ: സ്വകാര്യ സ്ഥാപനത്തിലെ ജോലിയോടൊപ്പം മട്ടുപ്പാവുകൃഷിയിൽ വിസ്മയം സൃഷ്ടിച്ച് മാന്നാർ കുട്ടമ്പേരൂർ വൈഗയിൽ പ്രഭ കുമാറും കുടുംബവും. സ്വന്തമായി കൃഷി ചെയ്യുവാൻ സ്ഥലം കുറവായതിനാൽ കേവലം 500 ചതുരശ്രയടിയിലുള്ള മട്ടുപ്പാവിൽ ജൈവ രീതിയിൽ ചിട്ടയോടെ കൃഷി ഒരുക്കിയിരിക്കുന്നത് വേറിട്ട കാഴ്ചയാണ്. 

അസ്സം റൈഫിൾസിൽ നിന്നും സുബേദാറായി 2016ൽ വിരമിച്ച ശേഷം മാന്നാറിലെ പൗർണ്ണമി ഹോം ഗാലറിയിൽ ജോലി ചെയ്യുന്നതിനിടയിൽ സമയം കണ്ടെത്തിയാണ് ജൈവകൃഷി പരിപാലിക്കുന്നത്. മട്ടുപ്പാവിൽ പ്രത്യേകം തയ്യാറാക്കിയ മഴമറയിൽ പടവലം, പാവൽ, മുളക്, വെണ്ട, ചീര, തക്കാളി, മത്തൻ, വഴുതനം, പയർ, റെഡ് ലേഡി പപ്പായ എന്നിവയാണ് കൃഷി ചെയ്യുന്നത്. ഇതോടൊപ്പം വീട്ടാവശ്യത്തിനായി കോഴികളെയും വളർത്തുന്ന ഇദ്ദേഹം മനോഹരമായ പൂന്തോട്ടമാണ് വീട്ടുമുറ്റത്തൊരുക്കിയിരിക്കുന്നത്.  

അഗ്രോ ഫാമുകളിൽ നിന്നും വിത്തുകളും തൈകളും വാങ്ങി ഗ്രോബാഗിൽ തികച്ചും ജൈവ രീതിയിലാണ് കൃഷി. നാലു വർഷമായി വീട്ടാവശ്യത്തിനായി കൃഷി ചെയ്തിരുന്നെങ്കിലും ലോക്ക്‌ഡൗൺ കാലത്താണ് കൃഷി വിപുലമാക്കിയത്. വിഷരഹിതമായ പച്ചക്കറികൾ വീട്ടിൽ തന്നെ ഉത്പാദിപ്പിച്ച് ഭക്ഷിക്കുന്നതു തന്നെ വളരെ സന്തോഷം നൽകുന്നതായി പ്രഭ കുമാർ പറയുന്നു. ഭാര്യ കനകമ്മയും മകൾ പ്രവീണയും സഹായത്തിനായുണ്ട്.

click me!