
ഹരിപ്പാട്: കടയും വീടും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻതോതിലുള്ള വിൽപ്പന നടത്തിവന്ന അച്ഛനും മകനും പിടിയിൽ. ആർ കെ ജങ്ഷന് സമീപം കച്ചവടം നടത്തുന്ന ജോൺസൺ (60), മകൻ മോൻസി ജോൺ (24) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കുള്ളിലും ഇതിനോട് ചേർന്നുള്ള വീട്ടിലുമായി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന 210 പാക്കറ്റ് ഹാൻസ് നിരോധിത പുകയില ഉൽപ്പന്നങ്ങളും ലഹരി വിൽപ്പനയിലൂടെ സമാഹരിച്ചതെന്ന് കരുതുന്ന എട്ടര ലക്ഷം രൂപയുമാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ ലഹരിവസ്തുക്കളും വിൽപ്പനപ്പണവും കടയ്ക്കുള്ളിലെ രഹസ്യ അറകളിലാണ് സൂക്ഷിച്ചിരുന്നത്. പരിശോധനയ്ക്കായെത്തിയ ഡോഗ് സ്ക്വാഡിലെ പോലീസ് നായ ലഹരിമരുന്നിന്‍റെ സാന്നിധ്യം കൃത്യമായി മണത്തുപിടിച്ചതോടെയാണ് പോലീസിന് കാര്യങ്ങൾ എളുപ്പമായത്. പ്രദേശത്തെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും സ്കൂൾ-കോളേജ് വിദ്യാർഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടുമാണ് ഇവർ പ്രധാനമായും വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രദേശത്തെ സ്ഥിരം ലഹരി വിൽപ്പനക്കാരാണ് പിടിയിലായ പ്രതികൾ. ലഹരിവസ്തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് മാത്രം നിലവിൽ നാൽപ്പതോളം കേസുകൾ ഇവർക്കെതിരെയുണ്ട്. മുൻപ് ഇതേ കടയിൽ പരിശോധനയ്ക്കായി എത്തിയ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളെ മുറിക്കുള്ളിലിട്ട് പൂട്ടിയിട്ട് ആക്രമിക്കാൻ ശ്രമിച്ച കേസിലും ഇവർ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് വ്യക്തമാക്കി. ഹരിപ്പാട് എസ്എച്ച്ഒ വി ഷിബു, എസ്‌ഐ നൗഷാദ്, പ്രൊബേഷൻ എസ്‌ഐ ദേവരാജ് വിശ്വജിത് എന്നിവരുടെ നേതൃത്വത്തിലുള്ള ഹരിപ്പാട് പോലീസ് സംഘവും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് ടീമും ഡോഗ് സ്ക്വാഡും സംയുക്തമായാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam