
ഇടുക്കി: മകന്‍റെ മരിക്കാത്ത ഓർമ്മകൾക്ക് മുമ്പിൽ വിതുമ്പലോടെ അഭിമന്യുവിന്റെ അമ്മ. അഭിമന്യുവിന്റെ ആഗ്രഹപ്രകാരം സി പി എം പാർട്ടി പ്രവർത്തകർ പണിത വീടിന് മുന്നിലെത്തിയ അമ്മ ഭൂപതിയുടെ കരച്ചിൽ നിയന്ത്രിക്കുവാൻ ഒപ്പമുണ്ടായിരുന്ന ആര്‍ക്കും കഴിഞ്ഞില്ല. നാൻ പെത്ത മകനെ എന്ന് വിളിച്ച് അഭിമന്യുവിന്റെ ഫോട്ടോയുടെ മുന്നിൽ അലമുറയിട്ട് കരഞ്ഞ ഭൂപതിയെ വളരെ കഷ്ടപ്പെട്ടാണ് പ്രവർത്തകർ സ്റ്റേജിലെത്തിച്ചത്.
അഭിമന്യുവിന്‍റെ കുടുംബത്തിന് സി പി എം നിർമിച്ച് നൽകുന്ന വീടിന്‍റെ താക്കോൽദാന ചടങ്ങിനായാണ് അമ്മ ഭൂപതിയും അച്ഛൻ മനോഹരനും എത്തിയത്. വട്ടവട കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റർ അകലെയാണ് പുതിയ വീട്. പത്തര സെന്‍റ് ഭൂമിയിൽ 1,226 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിർമിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സി പി എം 40 ലക്ഷം രൂപയാണ് ചെലവിട്ടത്.
വീടിന്‍റെ താക്കോൽദാന ചടങ്ങ് വിപുലമായാണ് സിപിഎം സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി എം എം മണി ഉൾപ്പെടെയുള്ളവരും ചടങ്ങിൽ പങ്കെടുക്കും. ഇതിന് ശേഷം വട്ടവട പഞ്ചായത്ത് സ്ഥാപിച്ച അഭിമന്യു മഹാരാജാസ് ലൈബ്രറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വട്ടവട പഞ്ചായത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് വായനശാല സജ്ജീകരിച്ചിരിക്കുന്നത്. അഭിമന്യുവിനെ സ്നേഹിക്കുന്നവരും സുഹൃത്തുക്കളും സമ്മാനിച്ച നാൽപതിനായിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിലുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam