
ആലപ്പുഴ: ഒഴുക്കില്‍പ്പെട്ട ആലപ്പുഴ ചുങ്കത്തെ കേരള വാട്ടർ ട്രാൻസ്പോർട്ടിന്റെ ബോട്ട് നിർമ്മാണ ശാലയിലെ ജീവനക്കാരനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. സേതു കൃഷ്ണൻ (42) എന്ന തൊഴിലാളിയെയാണ് അഗ്നി രക്ഷാ സേനാംഗങ്ങൾ സാഹസികമായി രക്ഷിച്ചത്.
ഇന്ന് രാവിലെ 5.30 ന് നൈറ്റ് വാച്ച് മാൻമാരായ സേതു കൃഷ്ണനും ഹെൻട്രി ജോർജും ദിവസേനയുള്ള ചെക്കിംഗിന്റെ ഭാഗമായി ഡോക്ക് യാർഡിൽ പരിശോധന നടത്തിപ്പോഴാണ് നിർമ്മാണം പൂർത്തിയാകാറായ പുതിയ ഒരു ബോട്ട് ശക്തമായ കാറ്റിലും മഴയിലും ആടി ഉലഞ്ഞ് കെട്ടഴിഞ്ഞ് ആറ്റിലേക്ക് ഒഴുകി നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ബോട്ടിൽ ചാടിക്കയറി മുളകൊണ്ട് ഊന്നി ബോട്ട് കരക്കടുപ്പിക്കുകയും ബോട്ടിന്റെ പിൻഭാഗം കരയിൽ കെട്ടുകയും ചെയ്തു. ബോട്ടിന്റെ മുൻഭാഗം കെട്ടുവാൻ ശ്രമിക്കുന്നതിനിടയിൽ സേതു കൃഷ്ണൻ ബോട്ടിന് പുറത്തുള്ള പലകയിൽ നിന്നും കാൽ വഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു. രണ്ട് ബോട്ടുകൾക്കിടയിലൂടെ ആഴം കൂടിയ ആറിൽ വീണ സേതു കൃഷ്ണൻ ബോട്ടിലേയ്ക്ക് തിരികെ കയറാനാകാത്ത വിധം കുടുങ്ങി പോയി. ഉച്ചത്തിൽ വിളിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന ഹെൻട്രി ഓടി വരുകയും സേതുവിന്റെ കൈയ്യിൽ പിടുത്തം കിട്ടുകയും ചെയ്തു.
ബോട്ട് യാർഡിന്റെ മുൻഭാഗത്തെ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്ന ഈ സമയം ബോട്ട് യാർഡിൽ മറ്റാരും ഇല്ലായിരുന്നു. ശക്തമായ മഴയായത് കൊണ്ട് ഇവർ രണ്ട് പേരും ഉച്ചത്തിൽ വിളിച്ചിട്ടും മറ്റാരും അപകടവിവരം അറിഞ്ഞില്ല. സേതുവിന് ശരീരഭാരം കൂടുതലായതിനാൽ ഹെൻട്രിയ്ക്ക് ഒറ്റയ്ക്ക് ബോട്ടിലേയ്ക്ക് വലിച്ച് കയറ്റുവാനോ മറ്റാരെയെങ്കിലും വിവരം അറിയിക്കുവാനോ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. മഴയിൽ കൈ നനയുന്നതിനാൽ പല തവണ കൈവഴുതിപ്പോകുന്നുണ്ടായിരുന്നു. അരമണിക്കൂറിന് ശേഷം മഴ തോർന്നപ്പോൾ മറുകരയിലെ പോഞ്ഞിക്കര റോഡിലൂടെ പോകുന്ന ഒരു ലോട്ടറി കച്ചവടക്കാരൻ വിളി കേൾക്കുകയും തൊട്ടടുത്തുള്ള ആലപ്പുഴ ഫയർസ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ ഫയർ സർവീസ് സ്കൂബാ ടീം ബോട്ടിൽ ആറിലൂടെയും മറ്റൊരു റെസ്ക്യു ടീം ബോട്ട് യാർഡിനുള്ളിലൂടെയും സ്ഥലത്തെത്തി.
സ്കൂബാ ഡൈവേഴ്സായ വി.ആർ.ബിജു, സനീഷ് കുമാർ എന്നിവർ ആറ്റിലൂടെ സാഹസികമായി നീന്തി ബോട്ടുകൾക്കിടയിലൂടെ സേതു കൃഷ്ണന് സമീപം എത്തി രക്ഷപ്പെടുത്തുകയും റെസ്ക്യു ടീം സുരക്ഷിതമായി ഇവരെ കരക്കെത്തിക്കുകയും ചെയ്തു. രക്ഷപെട്ട സേതു കൃഷ്ണൻ മാവേലിക്കര സ്വദേശിയാണ്. വൈകിട്ട് 6 മണി മുതൽ രാവിലെ 6 മണി വരെയാണ് നൈറ്റ് വാച്ച്മാൻമാരായ ഇവരുടെ ജോലി സമയം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam