അനധികൃത പാര്‍ക്കിംഗ് നശിപ്പിച്ചത് ഒരു വിദ്യാര്‍ഥിനിയുടെ സ്വപ്നങ്ങള്‍; വൈറലായി അഗ്നിശമനസേനാംഗത്തിന്‍റെ കുറിപ്പ്

By Web TeamFirst Published Jul 14, 2020, 6:51 PM IST
Highlights

ഇടുങ്ങിയ വഴികളിലെ അലക്ഷ്യമായ പാര്‍ക്കിംഗ് സൃഷ്ടിക്കുന്ന കാലതാമസം അവശ്യസേവന സര്‍വ്വീസുകള്‍ക്ക് സൃഷ്ടിക്കുന്ന കാലതാമസം ചെറുതല്ല. അതുമൂലം അവശ്യ സേവനം ആവശ്യപ്പെട്ടവര്‍ക്കുണ്ടാവുന്ന നഷ്ടങ്ങള്‍ വലുതാണെന്നും വ്യക്തമാക്കുന്നതാണ് തലസ്ഥാന നഗരത്തിലെ അഗ്നിശമന സേനാംഗത്തിന്‍റെ അനുഭവം. 
 

ഉള്ളൂര്‍: റോഡ് സൈഡിലെ അനധികൃത പാര്‍ക്കിംഗ് അവശ്യസേവനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന വെല്ലുവിളി വ്യക്തമാക്കി അഗ്നിശമന സേനാംഗത്തിന്‍റെ കുറിപ്പ്. കൊവിഡ് 19 വ്യാപന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവാണെങ്കിലും ഇടുങ്ങിയ വഴികളിലെ അലക്ഷ്യമായ പാര്‍ക്കിംഗ് സൃഷ്ടിക്കുന്ന കാലതാമസം അവശ്യസേവന സര്‍വ്വീസുകള്‍ക്ക് സൃഷ്ടിക്കുന്ന കാലതാമസം ചെറുതല്ല. അതുമൂലം അവശ്യ സേവനം ആവശ്യപ്പെട്ടവര്‍ക്കുണ്ടാവുന്ന നഷ്ടങ്ങള്‍ വലുതാണെന്നും വ്യക്തമാക്കുന്നതാണ് തലസ്ഥാന നഗരത്തിലെ അഗ്നിശമന സേനാംഗത്തിന്‍റെ അനുഭവം. 

ചാക്ക അഗ്നിശമനസേന നിലയത്തിലെ ഫയര്‍മാന്‍ ഡ്രൈവറായ കാഞ്ഞിരംകുളം സ്വദേശി സുജൻ വി എസിന്‍റെ കുറിപ്പാണ് വൈറലാവുന്നത്. ശനിയാഴ്ച ഉള്ളൂർ അർച്ചനാ നഗറിൽ വീടിന് തീ പിടിച്ചുവെന്ന സന്ദേശത്തേത്തുടര്‍ന്ന് പുറപ്പെട്ട അഗ്നിശമന സേനാ വാഹനത്തിന് പ്രധാന പാതകളില്‍ സമയനഷ്ടം ഉണ്ടായില്ല. ഉള്ളൂരിൽ നിന്നും  ഇടുങ്ങിയ റോഡിലൂടെ അർച്ചനാ നഗറിലെ തീപിടിച്ച വീട്ടിലേക്കുള്ള യാത്ര കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഫയര്‍ എഞ്ചിന്‍ കടന്നുപോകാന്‍ സാധിക്കാത്ത രീതിയിലായിരുന്നു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത്. നിര്‍ത്തിയിട്ട വാഹനങ്ങളില്‍ ഡ്രൈവര്‍ ഇല്ലാത്ത അവസ്ഥയായിരുന്നു. ഫയര്‍ എന്‍ജിന്‍ നിരവധി തവണ സൈറന്‍ മുഴക്കിയിട്ടും കാര്‍ ഉടകള്‍ എത്തിയില്ല. ഒടുവില്‍ അഗ്നിശമനസേനാംഗങ്ങള്‍ കാര്‍ തള്ളിമാറ്റി. ഇടുങ്ങിയ വഴിയില്‍ നിരവധി തവണ ഫയര്‍ എന്‍ജിന്‍ ഇത്തരത്തില്‍ കുടുങ്ങി. 

ഒരുവിധത്തില്‍ അപകടം നടന്ന ഇടത്ത് എത്തിയെങ്കിലും ഒരു കുടുംബത്തിന്‍റെ എല്ലാ പ്രതീക്ഷകളും അഗ്നിക്ക് ഇരയായിരുന്നു. ഈ വീട്ടില്‍ താമസിച്ചിരുന്ന തിരുവനന്തപുരം എം.ജി കോളേജിലെ മൂന്നാം വർഷ ബിഎസ് സി ഗണിത വിദ്യാർത്ഥിനിയായ അഞ്ജന  ഓണ്ലൈൻ ക്ലാസിനായി ഇരിക്കുമ്പോഴാണ് വീടിന് തീപിടിച്ചത്. അഞ്ജനയുടെ സർട്ടിഫിക്കറ്റുകൾ, പുസ്തകങ്ങൾ, തിരിച്ചറിയൽ രേഖകള്‍ അടക്കം എല്ലാം അഗ്നിക്കിരയായി. സ്വന്തമായി വീടില്ലാത്തതിനാൽ കഴിഞ്ഞ പത്ത് വർഷമായി ഈ കുട്ടിയും അമ്മയും അമ്മൂമ്മയുടെയൊപ്പം ഈ വീട്ടിലായിരുന്നു താമസം. അനധികൃത പാർക്കിങ് കാരണം തങ്ങൾക്ക് നഷ്ടപ്പെട്ട വിലപ്പെട്ട ആ നിമിഷങ്ങൾ ഒരുപക്ഷേ ആ കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് താങ്ങാകുമായിരുന്നു എന്നാണ് അഗ്നിശമന സേനാംഗം വിശദമാക്കുന്നത്. ഇനിയും ഇത്തരം സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കാൻ ഇത് വായിക്കുന്നവരെങ്കിലും ശ്രമിക്കും എന്ന വിശ്വാസത്തിലാണെന്ന് പറഞ്ഞാണ് സുജൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

click me!