
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി. കരിപ്പൂരിൽ നിന്ന് മെയ് 21 ന് പുലർച്ചെ ആദ്യ ഹജ്ജ് വിമാനത്തിൽ യാത്ര പുറപ്പെട്ട 166 ഹാജിമാരാണ് ഇന്നലെ വൈകുന്നേരം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ തിരിച്ചെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെർമിനലിന് പുറത്തെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായി സ്വീകരിച്ചു. 161 തീർത്ഥാടകരുമായി രണ്ടാമത്തെ ഹജ്ജ് വിമാനം രാത്രി തിരിച്ചെത്തി. ഇതോടെ ആദ്യ ദിനം തിരിച്ചെത്തിയത് 327 പേരാണ്.
ആദ്യ വിമാനത്തിൽ തിരിച്ചെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, അംഗങ്ങളായ അഡ്വ. പി മൊയ്തീൻകുട്ടി, ഡോ. ഐ പി അബ്ദുസ്സലാം, ഉമ്മർ ഫൈസി മുക്കം, പി ടി അക്ബർ, സഫർ കയാൽ, പി പി മുഹമ്മദ് റാഫി, മുഹമ്മദ് ഖാസിം കോയ, കൊണ്ടോട്ടി നഗരസഭാ വൈസ് ചെയർമാൻ അഷ്റഫ് മടാൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ പി ഫിറോസ്, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി മുഹമ്മദലി എൻ, ഹജ്ജ് വകുപ്പ് മന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥൻ യൂസുഫ് പടനിലം, ഹസൈൻ പി കെ തുടങ്ങിയവർ സ്വീകരിച്ചു. ഹാജിമാരെ സഹായിക്കുന്നതിനായി സെൽ ഓഫീസർ പി കെ മുഹമ്മദ് ഷഫീഖിന്‍റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ 17 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവർ ഹാജിമാരുടെ ലഗേജ്, സംസം വിതരണം തുടങ്ങിയ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നു. ഹജ് കമ്മിറ്റി വളണ്ടിയർമാരും ട്രെയിനർമാരും ഹാജിമാരെ സഹായിക്കാൻ ഉണ്ടായിരുന്നു.
കേരളത്തിൽ നിന്നും ഇത്തവണ മൂന്ന് എമ്പാർക്കേഷൻ പോയിന്റുകളിൽ നിന്നാണ് ഹാജിമാർ യാത്ര തിരിച്ചത്. ഇതിൽ കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും യാത്ര തിരിച്ച ഹാജിമാരുടെ മടക്ക യാത്രയാണ് ആരംഭിച്ചത്. കൊച്ചിയിലേക്കും കണ്ണൂരിലേക്കുമുള്ള മടക്ക യാത്രാ വിമാനങ്ങൾ ജൂലായ് 10 ന് ആരംഭിക്കും. സൗദി എയർലൈൻസാണ് കൊച്ചിയിലും കണ്ണൂരിലും സർവ്വീസ് നടത്തുന്നത്. കൊച്ചിൻ എമ്പാർക്കേഷൻ പോയിന്റിലേക്കുള്ള ആദ്യ വിമാനം ജൂലായ് 10ന് രാവിലെ 10.35നും കണ്ണൂരിലേക്കുള്ള ആദ്യ സർവ്വീസ് 10ന് ഉച്ചക്ക് 12നുമാണെത്തുന്നത്. കേരളത്തിലേക്ക് മൊത്തം 89 സർവ്വീസുകളാണുള്ളത്. കോഴിക്കോട് - 64, കൊച്ചി - 16, കണ്ണൂർ - 9 സർവ്വീസുകളുണ്ടാകും. ജൂലായ് 22നാണ് അവസാന സർവ്വീസ്.
പ്രതിഷേധം ഫലം കണ്ടു; റെയിൽവേ മെയിൽ സർവീസ് കേന്ദ്രം തിരൂരിൽ നിന്ന് മാറ്റില്ല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam