കോഴിക്കോട്ടെ ആദ്യ ഹരിതവാർഡായി തിരുവാഞ്ചേരിപൊയിൽ

By Web TeamFirst Published Dec 21, 2019, 8:59 PM IST
Highlights

കോഴിക്കോട് ജില്ലയിലെ ആദ്യഹരിത വാര്‍ഡായി പനങ്ങാട് ഗ്രാമപഞ്ചായത്തിലെ തിരുവാഞ്ചേരിപൊയിൽ

കോഴിക്കോട്: ജില്ലയിലെ ആദ്യ ഹരിതവാർഡായി പനങ്ങാട് ഗ്രാമപഞ്ചായത്തിലെ തിരുവാഞ്ചേരിപൊയിൽ. ഹരിത ഗ്രാമ പ്രഖ്യാപനം തിരുവാഞ്ചേരിപ്പൊയിൽ ഇഎംഎസ് ഓഡിറ്റോറിയത്തിൽ  പുരുഷൻ കടലുണ്ടി എംഎൽഎ നിർവഹിച്ചു. ഹരിതഗ്രാമം, ഹരിതഭവനം തുടങ്ങിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഘട്ടംഘട്ടമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കും ഇത് എത്തിക്കാൻ കഴിയണമെന്ന് എംഎൽഎ പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് വി എം കമലാക്ഷി അധ്യക്ഷത വഹിച്ചു.

മുഴുവൻ വീടുകളിൽ നിന്നും അജൈവ മാലിന്യ ശേഖരണം, എല്ലാ വീടുകളിലും ജൈവ മാലിന്യം സംസ്ക്കരണ മാർഗങ്ങൾ, മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ, പച്ചക്കറി കൃഷി, വാർഡിലെ മുഴുവൻ നീർച്ചാലുകൾ ശുചിയാക്കൽ, ഹരിതനിയമാവലി വിദ്യാഭ്യാസം എന്നിങ്ങനെ ഹരിതകേരളം മിഷൻ മുന്നോട്ടു വെച്ച പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ കൈവരിച്ചു കൊണ്ടാണ് ഹരിതവാർഡായി തിരുവാഞ്ചേരിപ്പൊയിൽ മാറിയത്. സംസ്ഥാനത്തെ മൂന്നാമത്തേതും ജില്ലയിലെ ആദ്യത്തെയും ഹരിത ഗ്രാമമാണ് തിരുവാഞ്ചേരിപൊയിൽ.

പനങ്ങാട് പഞ്ചായത്തിനോടൊപ്പം ഹരിത സഹായ സ്ഥാപനമായ നിറവ് വേങ്ങേരിയുടെ നേതൃത്വത്തിലുള്ള ടീം, ഹരിത കർമ്മസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ബാലുശ്ശേരി ഗവ.കോളജ് എൻ.എസ്.എസ് എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിൽ. ഹരിത ഗ്രാമം അനുമോദന ഭാഷണവും എൻഎസ്എസ് ക്യാമ്പിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിർവഹിച്ചു. ഹരിതഗ്രാമം പങ്കാളികൾക്കുള്ള ഉപഹാര സമർപ്പണം ജില്ലാ കലക്ടർ  എസ് സാംബശിവറാവു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഉസ്മാൻ,  ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുക്മാൻ, ബാബു പറമ്പത്ത് (ഡയറക്ടർ നിറവ് വേങ്ങേരി), ജനറൽ കൺവീനർ വി എം പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.

click me!