സംസ്ഥാനത്തെ ആദ്യ കാട്ടാന സംരക്ഷണ കേന്ദ്രം ചിന്നക്കനാലില്‍

By Web TeamFirst Published Jun 9, 2019, 1:38 PM IST
Highlights

സ്ഥലം കണ്ടെത്തുന്നതിന് ജനവാസ മേഖലകളെ ഒവിവാക്കി ജി പി എസ് സര്‍വ്വേ അടക്കം പൂര്‍ത്തിയായി കഴിഞ്ഞു. നിലവില്‍ വനം വകുപ്പ് എച്ച് എന്‍ എല്‍ കമ്പനിയ്ക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്ന മുന്നൂറ്റി എണ്‍പത്തിയാറ് ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കുവാനാണ് തീരുമാനം. 

ഇടുക്കി: ചിന്നക്കനാലില്‍ സംസ്ഥാനത്തെ ആദ്യ കാട്ടാന സംരക്ഷണ കേന്ദ്രം ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായിട്ടുള്ള ജിപിഎസ് സര്‍വ്വേ അടക്കം പൂര്‍ത്തിയായി. കാട്ടാന സംരക്ഷണ കേന്ദ്രം ഒരുങ്ങുന്നതോടെ കാട്ടാനകള്‍ ജനവാസ മേഖലകളിലേയ്ക്ക് ഇറങ്ങുന്നതിന് തടയിടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് വനംവകുപ്പിനുള്ളത്.  

കാട്ടാന അക്രമണം നിത്യ സംഭവമായ ചിന്നക്കനാലില്‍ മുപ്പത്തിയെട്ടോളം കാട്ടാനകളാണ് ഉള്ളത്. കാടിന്‍റെ വ്യാപ്തി കുറഞ്ഞതും. കാട്ടില്‍ തീറ്റയും വെള്ളവും ഇല്ലാത്തതുമാണ് കാട്ടാനകള്‍ കൂട്ടത്തോടെ  ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുവാന്‍ കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയ സാഹചര്യത്തിലാണ് കാട്ടാനകള്‍ക്ക് വേണ്ടി പ്രത്യേക പാര്‍ക്ക് തയ്യാറാക്കുന്നതിന് വനംവകുപ്പ് തീരുമാനിച്ചത്.

ഇതിന്‍റെ ഭാഗമായി സ്ഥലം കണ്ടെത്തുന്നതിന് ജനവാസ മേഖലകളെ ഒവിവാക്കി ജി പി എസ് സര്‍വ്വേ അടക്കം പൂര്‍ത്തിയായി കഴിഞ്ഞു. നിലവില്‍ വനം വകുപ്പ് എച്ച് എന്‍ എല്‍ കമ്പനിയ്ക്ക് പാട്ടത്തിന് നല്‍കിയിരിക്കുന്ന മുന്നൂറ്റി എണ്‍പത്തിയാറ് ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കുവാനാണ് തീരുമാനം. കാട്ടാന സംരക്ഷണ കേന്ദ്രം പ്രാവര്‍ത്തികമാക്കി മതികെട്ടാന്‍ ദേശീയ ഉദ്യാനം മുതല്‍ ആനയിറങ്കല്‍ ജലാശയം വരെയുള്ള ആനത്താരകളടക്കം പുനസ്ഥാപിക്കും. ഇതോടെ കാട്ടാനകള്‍ കാടുവിട്ട് നാട്ടിലേ്ക്ക് ഇറങ്ങുന്നത് തടയാനാകുമെന്നതാണ് വനംവകുപ്പിന്‍റെ കണക്കൂകൂട്ടല്‍.

അറുനൂറ് ഹെക്ടര്‍ സ്ഥലത്താണ് കാട്ടാന സംരക്ഷണ കേന്ദ്രം ഒരുക്കുന്നത്. ഇതില്‍ ആന ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയിലെ ആദിവാസികളെ മറ്റ് സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് പുനരധിവസിപ്പിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനാണ് പദ്ധതി. ഇതിന്‍റെ ഭാഗമായി അമ്പത് കുടുംബങ്ങലെ മാറ്റി പാര്‍പ്പിക്കേണ്ടി വരുമെന്നാണ് വനം വകുപ്പിന്‍റെ വിലയിരുത്തല്‍.

click me!