മത്സ്യബന്ധന വള്ളം അപകടം; ഒരാളെ കാണാതായി; കൂടുതല്‍ അന്വേഷണത്തിനായി കോസ്റ്റൽ പൊലീസ് ഉദ്യോ​ഗസ്ഥർ

By Web TeamFirst Published Feb 17, 2021, 11:46 AM IST
Highlights

ഫെബ്രുവരി-8 ന്  രാത്രി ഏഴരയോടെ ഉൾക്കടലിൽ വച്ചുണ്ടായ  അപകടത്തിൽ വിഴിഞ്ഞം ടൗൺഷിപ്പിൽ ഹൗസ് നമ്പർ 468-ൽ ഷാഹുൽ ഹമീദിനെ (49) ആണ് കാണാതായത്. 

തിരുവനന്തപുരം: മത്സ്യബന്ധന വളളത്തിൽ കപ്പൽ തട്ടിയുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ തീരദേശ പോലീസിന്റെ ഫോർട്ട് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ വിഴിഞ്ഞത്തെത്തി. ഫെബ്രുവരി-8 ന്  രാത്രി ഏഴരയോടെ ഉൾക്കടലിൽ വച്ചുണ്ടായ  അപകടത്തിൽ വിഴിഞ്ഞം ടൗൺഷിപ്പിൽ ഹൗസ് നമ്പർ 468-ൽ ഷാഹുൽ ഹമീദിനെ (49) ആണ് കാണാതായത്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ അപകടത്തെകുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് കൊച്ചി കോസ്റ്റൽ പോലീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിഴിഞ്ഞത്തെത്തിയത്.

കപ്പൽ തട്ടിയ തങ്ങൽ വളളം പരിശോധിച്ച സംഘം വളളമുടമ വിഴിഞ്ഞം സ്വദേശി സാമൻ, അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് കരയ്ക്കെത്തിയ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ഔസേപ്പ് എന്നിവരിൽ നിന്ന് വിശദാംശങ്ങൾ ശേഖരിച്ചു. അപകടസമയത്ത് കൂടെയുണ്ടായിരുന്ന  ഝാർഖണ്ഡ് സ്വദേശി ആനന്ദ് മണ്ഡൽ നാട്ടിലേക്ക് പോയതിനാൽ ഇയാളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇയാളെ ഫോർട്ട് കൊച്ചിയിലെ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ  ഹാജരാക്കാൻ വളളമുടമയ്ക്ക് നിർദ്ദേശം നൽകി.

കേരളതീരത്തെ കടലിൽ 200 നോട്ടിക്കൽ മൈൽ വരെയുളള ഭാഗത്തെ കടലിലെ അപകടങ്ങൾ അന്വേഷിക്കാനുള്ള  ചുമതല ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസിനാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ്  പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വിഴിഞ്ഞം കോസ്റ്റൽ പോലീസ്  കേസ് ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസിന്  കൈമാറിയത്. പൂവാർതീരത്ത് നിന്ന് 72 കിലോമീറ്റർ അകലെ പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് അപകടം നടന്നതെന്ന് വളളത്തിലുണ്ടായിരുന്ന ജിപിഎസിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൽ കണ്ടെത്തി.

ഇതനുസരിച്ച് അപകടസ്ഥലവും തീയതിയും സമയവും ഉൾപ്പെടുത്തി കൊച്ചിൻ കോസ്റ്റ്ഗാർഡും നേവിയും നടത്തിയ പരിശോധനയിൽ, ഈ ദിവസം അപകടം നടന്നുവെന്ന് പറയുന്നസമയത്ത് കപ്പലുകളൊന്നും സഞ്ചരിച്ചതായി കണ്ടെത്താനാകാത്തത് അധികൃതരെ കുഴയ്ക്കുന്നുണ്ട്. എങ്കിലും കൊച്ചിയിലുളള കോസ്റ്റ്ഗാർഡ്, നേവി, കോസ്റ്റൽ പോലീസ് എന്നിവർ സംയുക്തമായുളള ജോയിന്റ് ഓപ്പറേഷൻസ് സെന്ററിൽ നടത്തിയ പരിശോധനയിൽ അപകടത്തിനിടയാക്കിയതെന്ന് സംശയിക്കുന്ന ചില കപ്പലുകളുടെ വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം.
 

click me!