
പാലക്കാട്: പാലക്കാട് വല്ലപ്പുഴയിൽ 15 കാരിയെ കാണാതായിട്ട് അഞ്ചു ദിനം പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനാവാതെ പൊലീസ്. ഡിസംബർ 30 ന് വീട്ടിൽ നിന്നും സ്കൂളിലേക്കിറങ്ങിയ ചൂരക്കോട് അബ്ദുൽ കരീമിൻറെ മകൾ ഷഹന ഷെറിനെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിയെ കണ്ടെത്താൻ 36 അംഗ സംഘം അഞ്ചു ടീമുകളായി പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ കണ്ടെത്താനാവാത്തതിൽ ആശങ്കയിലാണ് രക്ഷിതാക്കൾ.
ഡിസംബ൪ 30ന് രാവിലെ ചൂരക്കോട്ടെ വീട്ടിൽ നിന്നും ട്യൂഷൻ സെൻററിലേക്കിറങ്ങിയതായിരുന്നു ഷഹന ഷെറിൻ. ഒൻപതു മണിയോടെ ട്യൂഷൻ ക്ലാസ് വിട്ടു. ശേഷം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികളോട് ബന്ധുവീട്ടിൽ പുസ്തകമെടുക്കാനെന്ന് പറഞ്ഞായിരുന്നു ഷഹന പോയത്. കൂട്ടുകാരികൾക്ക് മുന്നിൽ നിന്നു തന്നെ വസ്ത്രവും മാറി. സമയമായിട്ടും സ്കൂളിലെത്താതായതോടെ രക്ഷിതാക്കളെ സ്കൂൾ അധികൃത൪ വിവരമറിയിച്ചു. പിന്നാലെ രക്ഷിതാക്കൾ പൊലീസിൽ പരാതിയും നൽകി. കുട്ടിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്താനായില്ല. മുഖം മറച്ചതിനാൽ ഷഹന തന്നെയാണോയെന്ന് പൊലീസിന് ഉറപ്പിക്കാനുമായിട്ടില്ല.
സംഭവ ദിവസം പരശുറാം എക്സ്പ്രസിൽ കുട്ടി കയറിയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷൊർണൂർ റയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരം വരെ സ്ഥലങ്ങളിൽ അന്വേഷണം നടത്തി. പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചു. എന്നിട്ടും പൊലീസിന് തുമ്പൊന്നും കിട്ടിയില്ല. കുട്ടി പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു. എന്നാൽ ഇവിടങ്ങളിലൊന്നും കുട്ടിയെത്തിയിട്ടില്ലെന്നാണ് വിവരം. കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്തതും വസ്ത്രം മാറി മുഖം മറച്ചാണ് കുട്ടി പോയതെന്നതും അന്വേഷണത്തിന് വെല്ലുവിളിയാണ്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പിമാ൪, സിഐമാ൪, എസ്ഐമാ൪ അടങ്ങുന്ന 36 അംഗസംഘം അഞ്ചു ടീമുകളായാണ് അന്വേഷണം നടത്തുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam