
കല്‍പ്പറ്റ: കഴിഞ്ഞ പ്രളയകാലത്ത് വയനാട്ടില്‍ സമാനതകളില്ലാത്ത ദുരന്തത്തിന് ഇരയായവരാണ് മക്കിമലയിലെ കുടുംബങ്ങള്‍. ഓഗസ്റ്റ് ഒമ്പതിന് രണ്ട് മനുഷ്യജീവനുകളെയാണ് മക്കിമലയിലുണ്ടായ ദുരന്തം കവര്‍ന്നെടുത്തത്. അന്നത്തെ മണ്ണിടിച്ചിലില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട കുടുംബങ്ങള്‍ ഒന്നരമാസം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞു.
എന്നാല്‍ പ്രളയം കഴിഞ്ഞ് വര്‍ഷമൊന്നാകാറായെങ്കിലും മക്കിമലയിലെ 29 കുടുംബങ്ങളുടെ ആശങ്ക അവസാനിച്ചിട്ടില്ല. കാലവര്‍ഷമെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അപകടമേഖലകളില്‍ പ്രളയത്തില്‍പ്പെട്ട വീടുകളില്‍ തന്നെയാണ് ഈ കുടുംബങ്ങള്‍ ഇപ്പോഴും കഴിയുന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മല ഒരു മീറ്റര്‍ വീതിയില്‍ പിളര്‍ന്നിരുന്നു. പ്രളയസമയത്ത് ഇവിടെയെത്തിയ വിദഗ്ധസംഘം പ്രദേശം വാസയോഗ്യമല്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് 29 കുടുംബങ്ങളെയും ക്യാമ്പുകളിലേക്ക് മാറ്റി.
പുനരധിവസിപ്പിക്കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ഇതുവരെ ഒന്നും പ്രായോഗികമായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വാടക വീട്ടില്‍ നില്‍ക്കാനുള്ള സാമ്പത്തികമില്ലാത്തതിനാലും മറ്റും ഭൂരിഭാഗം കുടുംബങ്ങളും പ്രളയം ഭാഗീകമായി തകര്‍ത്ത വീടുകളില്‍ തന്നെ താമസിക്കുകയാണ്. മല വീണ്ടുകീറിയത് ഭീതിയുടെ അവശേഷിപ്പായി അങ്ങനെത്തന്നെ നില്‍ക്കുന്നു.
രാത്രിയില്‍ പെയ്യുന്ന ചെറിയ മഴ പോലും ഇവരുടെ ഉറക്കംകെടുത്തുന്നു. ഏത് സമയത്തും ദുരന്തമെത്തുമെന്ന് ഇവര്‍ക്കറിയാം. ഒരു നിവൃത്തിയുമില്ലാത്ത നാല് കുടുംബം ഇപ്പോഴും വാടകവീടുകളിലാണ്. കഴിഞ്ഞ ദിവസവും പുനരധിവാസത്തെക്കുറിച്ച് അധികൃതരുമായി സംസാരിച്ചിരുന്നു. എന്നാല്‍ തീരുമാനമായിട്ടില്ലെന്നായിരുന്നു മറുപടി. ഇതോടെയാണ് നാട്ടുകാരുടെ ആശങ്ക വര്‍ദ്ധിച്ചത്. വീടുകള്‍ തീര്‍ത്തും നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിച്ചിരുന്നു. എന്നാല്‍ പ്രദേശം വാസയോഗ്യമല്ലെന്ന കാരണത്താല്‍ പഞ്ചായത്തില്‍ എഗ്രിമെന്‍റ് വെക്കാന്‍പോലും സാധിച്ചില്ലെന്ന് ഇവര്‍ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam