
കുട്ടനാട്: കടുത്ത വേനലിലും കുട്ടനാട്ടില്‍ വെള്ളപ്പൊക്കം. പാടശേഖര സമിതികള്‍ പാടശേഖരങ്ങളില്‍ അനിയന്ത്രിതമായി വെള്ളം കയറ്റുന്നതുമൂലമാണു കടുത്തവേനലിലും വെള്ളപ്പൊക്കമുണ്ടായത്. പുഞ്ചക്കൃഷിയുടെ വിളവെടുപ്പിനുശേഷം കുട്ടനാട്ടിലെ ബഹുഭൂരിപക്ഷം പാടശേഖരങ്ങളിലും അടുത്ത കൃഷിയൊരുക്കത്തിനായി വെള്ളം കയറ്റിയിട്ടിരിക്കുകയാണ്.
മടകള്‍ പൂര്‍ണമായി തുറന്നതോടെ പാടശേഖരങ്ങള്‍ക്കുള്ളില്‍ കിടക്കുന്ന താഴ്ന്ന പുരയിടങ്ങളും നടവഴികളും വെള്ളത്തിനടിയിലായി. വര്‍ഷങ്ങളായി രണ്ടു കൃഷി നടക്കുന്നതിനാല്‍ പുരയിടങ്ങള്‍ പലരും ഉയര്‍ത്താറില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കൃഷി മാത്രമുള്ള സമയങ്ങളില്‍ പാടശേഖരങ്ങളിലെയും ജലാശയങ്ങളിലെയും ചെളിക്കട്ടകള്‍ പുരയിടങ്ങളില്‍ ഇറക്കുന്ന പതിവുണ്ടായിരുന്നു.
വര്‍ഷാവര്‍ഷം ഭൂമി പൊക്കുന്നതിനാല്‍ വലിയ വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ മാത്രമായിരുന്നു പുരയിടങ്ങളില്‍ വെള്ളം കയറുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ടാംകൃഷി തുടര്‍ച്ചയായി ചെയ്യുന്നതുമൂലം പൊതുമട വയ്ക്കാത്തതിനാല്‍ ചെളിക്കട്ടയിറക്കാന്‍ നാട്ടുകാര്‍ക്കു സാധിക്കുന്നില്ല. ഇതുമൂലം കൃഷിയുടെ ഇടവേളകളില്‍ പാടശേഖരങ്ങളില്‍ വെള്ളം കയറ്റുമ്പോള്‍ പുരയിടങ്ങളില്‍ നിന്നു വെള്ളം ഒഴിയാത്ത അവസ്ഥയാണ്.
പുരയിടങ്ങള്‍ക്കൊപ്പം നടവഴികളിലും വെള്ളം നിറഞ്ഞതോടെ ജനങ്ങളുടെ ജീവിതം തീര്‍ത്തും ദുസ്സഹമായിരിക്കുകയാണ്. പല ഇടവഴികളിലും മുട്ടിനു മുകളില്‍ വെള്ളം കയറി കിടക്കുകയാണ്. ദിവസങ്ങളായി മലിനജലത്തില്‍ ചവിട്ടി നടക്കുന്നതുമൂലം പലരുടെയും കാലുകളില്‍ വളംകടി ഉള്‍പ്പടെയുള്ള വൃണങ്ങളും നിറഞ്ഞു. പൊതുമട തുറക്കാതെ തൂമ്പുകളിലൂടെ വരമ്പു മുങ്ങത്തക്ക രീതിയില്‍ വെള്ളം കയറ്റിയാല്‍ പ്രശ്‌നത്തിനു പരിഹാരം കാണാം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam