Latest Videos

പ്രളയ ബാധിതർക്കായി ഇടുക്കി കളക്ട്രേറ്റിൽ എത്തിച്ച ഭക്ഷ്യസാധനങ്ങൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നു

By Web TeamFirst Published Sep 26, 2018, 2:22 PM IST
Highlights

ആഴ്ച്ചകളായി കെട്ടി കിടക്കുന്ന ഭക്ഷണ സാധനങ്ങൾ പലതും കേടാകുവാനും സാധ്യതയുണ്ട്. ഭക്ഷണം ധാരാളമായി വെറുതെ കിടന്നതോടെ സമീപത്തെ വന പ്രദേശങ്ങളിൽ നിന്നും നായ്ക്കളും കുരങ്ങുകളും ഉൾപ്പെടെയുള്ള ജീവികൾ ഇവ ഭക്ഷിക്കുന്നതിനായി കളക്ട്രേറ്റ് പരിസരങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്.

ഇടുക്കി: ദുരിത ബാധിതർക്കായി ഇടുക്കി കളക്ട്രേറ്റിൽ എത്തിച്ച ഭക്ഷ്യസാധനങ്ങൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിച്ച സാധനങ്ങളാണ് ആവശ്യക്കാർക്ക് നൽകാതെ കളട്രേറ്റിൽ കെട്ടിക്കിടന്ന് നശിക്കുന്നത്. ടൺകണക്കിന് ഭക്ഷണ സാധനങ്ങളാണ് ഓരോ ദിവസവും രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും കളക്ട്രേറ്റിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. പ്രളയത്തിൽ മുങ്ങിയ കേരളത്തെ പടുത്തുയർത്തുന്നത് ലക്ഷ്യമിട്ടാണ് മറ്റ് നാടുകളിൽ നിന്നും സഹായങ്ങൾ എത്തുന്നത്. എന്നാൽ കളക്ട്രേറ്റിൽ വന്നുകിടക്കുന്ന സാധനങ്ങൾ യഥാസമയത്ത് ക്യാമ്പുകളിലേക്കോ അർഹരായ ആളുകളിലേക്കൊ എത്തുന്നില്ല. 

വളരെ കുറച്ച് സാധനങ്ങൾ ചില ഉദ്യോഗസ്ഥരുടെ ആത്മാർത്ഥത മൂലം അവധി ദിവസങ്ങളിൽ അയക്കുന്നതൊഴിച്ചാൽ  മറ്റുള്ളവ വിതരണം നടത്താതെ കെട്ടിക്കിടക്കുകയാണ്. ആഴ്ച്ചകളായി കെട്ടി കിടക്കുന്ന ഭക്ഷണ സാധനങ്ങൾ പലതും കേടാകുവാനും സാധ്യതയുണ്ട്. ഭക്ഷണം ധാരാളമായി വെറുതെ കിടന്നതോടെ സമീപത്തെ വന പ്രദേശങ്ങളിൽ നിന്നും നായ്ക്കളും കുരങ്ങുകളും ഉൾപ്പെടെയുള്ള ജീവികൾ ഇവ ഭക്ഷിക്കുന്നതിനായി കളക്ട്രേറ്റ് പരിസരങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതമൂലമാണ് യഥാ സമയം അവശ്യ സാധനങ്ങൾ ആവശ്യകാരിലേക്ക് എത്തിച്ച് നൽകാത്തത്. ഭക്ഷ്യവസ്തുകൾ ആദിവാസി കുടികളിലേക്കോ സർക്കാർ സ്കൂൾ വഴി കുട്ടികൾക്കോ വിതരണം ചെയ്യാവുന്നതാണ് . ആവശ്യക്കാരില്ലെങ്കിൽ സാധനങ്ങൾ ലേലം ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കണ്ടെത്താം.

ബേബി ഫുഡ്സുകൾ തണുത്ത കാലാവസ്ഥയിൽ അലക്ഷ്യമായി കിടന്നാൽ പിന്നീട് അത് കുട്ടികൾക്ക് നൽകിയാൽ പോലും രോഗങ്ങൾ വരുവാനുള്ള സാധ്യതയുണ്ട്.രാപകൽ അധ്വാനിച്ച് മലയാളികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുമനസുകളും തങ്ങളുടെ വരുമാനത്തിന്റെ വിഹിതത്തിൽ നിന്നുമാണ് ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലേക്ക് ഭക്ഷണ സാധനങ്ങളും മറ്റും കയറ്റി അയയ്ക്കുന്നത്. കോട്ടയം എറണാകുളം ഉൾപ്പെടെയുള്ള റെയിൽവേ സ്‌റ്റേഷനുകളിൽ ഇടുക്കി കളക്ടറുടെ പേരിൽ എത്തിയ സാധനങ്ങൾ കൈപ്പറ്റാതെ കെട്ടികിടക്കുന്നത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത ആയിരുന്നു.


 

click me!