
കൊച്ചി: അന്ധനായ പ്രളയബാധിതന് ഒന്നരമാസത്തിനുശേഷം ഒടുവിൽ സർക്കാര്‍ സഹായം. എറണാകുളം നെടുമ്പാശേരി സ്വദേശി ശശീന്ദ്രനും കുടുംബത്തിനുമാണ് പതിനായിരം രൂപ അടിയന്തര ധനസഹായം കിട്ടിയത്. ആഴ്ചകളായി ഓഫീസുകൾ കയറിയിറങ്ങുന്ന ശശീന്ദ്രന്‍റെ ശനിദശ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതോടെയാണ് റവന്യൂമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് 21ന് ദുരിതാശ്വാസ ക്യാമ്പിൽ ഇവർ വീട്ടിലേക്ക് മടങ്ങിയത്. എല്ലാ നഷ്ടപ്പെട്ട കുടുംബത്തിന് സർക്കാരിന്‍റെ അടിയന്തര ധനസഹായമായിരുന്നു ഏക കച്ചിത്തുരുമ്പ്. പക്ഷേ അന്ധനായ ശശീന്ദ്രനും ഭാര്യയും വിവിദ സർക്കാർ ഓഫീസുകൾ പലതവണ കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥരാരും കണ്ടില്ല.
ശശീന്ദ്രന്‍റെ അതേ അക്കൗണ്ട് നമ്പറിൽ മറ്റൊരു മേൽവിലാസം വന്നതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നായിരുന്നു റവന്യു അധികൃതരുടെ വിശദീകരണം. ഏഷ്യാനെറ്റ് ന്യൂസിലൂടെ ശശീന്ദ്രന്‍റെ ദുരവസ്ഥ റവന്യു മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു.തുടർന്ന് എത്രയും വേഗം പണം നൽകാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഒടുവിൽ ഒന്നരമാസം അധികൃതർ വച്ചുതാമസിപ്പിച്ച ധനസഹായം മണിക്കൂറുകൾക്കുളളിൽ അക്കൗണ്ടിലെത്തി.
എറണാകുളം ജില്ലയിൽ ഇതുവരെ 1, 66,367 പേർക്ക് 10,000 രൂപ നൽകിയെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.എന്നാൽ ഇനിയും പണം ലഭിക്കാത്തവർ 3000 ലേറെയാണ്. അക്കൗണ്ട് നമ്പർ ശേഖരിച്ചതിലും, ഡാറ്റാ എൻട്രിയിലും സംഭവിച്ച പിഴവാകാം കാരണമെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam