വേനലിനെ ചെറുത്ത്, വീടിനകം തണുപ്പിച്ച്, മേല്‍ക്കൂരയാകെ പൂക്കള്‍ വിരിച്ച വയനാട്ടിലെ വീട്

By Web TeamFirst Published Apr 21, 2021, 4:08 PM IST
Highlights

പുരാണകഥകളിലെ പര്‍ണശാലയെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ബിനോയി വീടിനെ വള്ളിച്ചെടികളില്‍ അലങ്കരിക്കുന്നത് അഞ്ച് വര്‍ഷം മുമ്പാണ്. ഇതിന് വഴിയൊരുക്കിയതാകട്ടെ ജസ്‌നയും. 

കല്‍പ്പറ്റ: പൂക്കളോടുള്ള ഇഷ്ടത്താല്‍ വീടാകെ പൂ കൊണ്ട് മൂടിയ ഒരു കുടുംബമുണ്ട് വയനാട്ടില്‍. അമ്പലവയല്‍ നരിക്കുണ്ട് കല്ലമാരിയില്‍ ബിനോയിക്കും കുടുംബത്തിനും ഇന്ന് കടുത്ത വേനല്‍ച്ചൂടില്‍ നിന്നും രക്ഷയൊരുക്കുന്നതും ഈ മഞ്ഞപ്പൂക്കളാണ്. വീടിനകം മുഴുവന്‍ എയര്‍കണ്ടിഷനെ വെല്ലുന്ന തണുപ്പാണെന്നാണ് ബിനോയിയും ഭാര്യ ജസ്‌നയും പറയുന്നത്. പുരാണകഥകളിലെ പര്‍ണശാലയെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ബിനോയി വീടിനെ വള്ളിച്ചെടികളില്‍ അലങ്കരിക്കുന്നത് അഞ്ച് വര്‍ഷം മുമ്പാണ്. ഇതിന് വഴിയൊരുക്കിയതാകട്ടെ ജസ്‌നയും. 

അമ്പലവയലിലെ ടൗണിലെ സ്വകാര്യ നഴ്‌സറിയില്‍ നിന്നാണ് ജസ്‌ന പീതവര്‍ണത്തിലുള്ള പൂക്കളില്‍ ആകൃഷ്ടയായി ഒരു വള്ളിച്ചെടി വാങ്ങുന്നത്. കാറ്റ്ക്ലോവൈന്‍ ഇനത്തില്‍പ്പെട്ട ചെടിയാണിതെന്ന് പിന്നീടാണ് മനസിലായതെത്രേ. തെക്ക്, മധ്യ അമേരിക്കയിലെ ഉഷ്ണമേഖലാ കാടുകളില്‍ കാണപ്പെടുന്ന ഈ വള്ളിച്ചെടിയില്‍ ഇഴജന്തുക്കള്‍ കയറിവരില്ലെന്നതാണ് പ്രത്യേകത. നഖത്തിന്റെ ആകൃതിയിലുള്ള മുള്ളുകള്‍ ഉള്ളതിനാല്‍ വള്ളിപ്പടര്‍പ്പുകളിലൂടെയുള്ള പാമ്പുകളുടെ സഞ്ചാരം സുഗമമായിരിക്കില്ലെന്ന് ജസ്‌ന പറയുന്നു. മറ്റു ചെടികളോടൊപ്പം വീടിനോട് ചേര്‍ന്നാണ് നട്ടത്. ക്രമേണ ഓടിട്ട വീടിന് മുകളിലേക്ക് പടര്‍ന്ന പന്തലിച്ചപ്പോള്‍ അകത്ത് ചൂട് കുറഞ്ഞതായി ബോധ്യപ്പെട്ടു. 

ഇപ്പോള്‍ വേനലിന്റെ കാഠിന്യം അണുവിടപോലും അനുഭവപ്പെടാറില്ലെന്ന് കുടുംബം പറഞ്ഞു. കടുത്ത ചൂടില്‍ വള്ളികളില്‍ നിറയെ പൂക്കളുണ്ടാകും. മഴപെയ്താല്‍ വാടിവീഴും. ആദ്യരണ്ടുവര്‍ഷങ്ങളില്‍ പൂക്കള്‍ കുറവായിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം ഒറ്റതവണയായി നിറയെ പൂക്കളുണ്ടായിരുന്നുവെന്ന് ജസ്‌ന പറഞ്ഞു. ഇത്തവണ മൂന്ന് തവണകളായാണ് പൂത്തത്. എലിശല്യമുണ്ടായിട്ടുപോലും ഇത്രയുമായിട്ടും പേരിനൊരു ഇഴജന്തുപോലും എത്തിയിട്ടില്ലെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നു. വീട്‌പൊളിച്ച് പണിയാനുള്ള തീരുമാനമുണ്ടെങ്കിലും അതുവരെ ചെടി സംരക്ഷിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ബിനോയിക്കും ജസ്‌നക്കും പുറമെ ഇവരുടെ മൂന്ന് മക്കളും അച്ഛനും അമ്മയുമാണ് വീട്ടിലെ മറ്റംഗങ്ങള്‍. ടൗണിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലി നോക്കുകയാണ് ബിനോയ്. വീട്ടമ്മയാണ് ജസ്‌ന.

click me!