പൂക്കളമത്സരങ്ങളെ ലക്ഷ്യമിട്ട് തീവിലയുമായി പൂ വിപണി, ആശ്വാസമായി ചെറുകിറ്റുകള്‍

By Web TeamFirst Published Aug 20, 2023, 7:59 AM IST
Highlights

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില കൂടുതലാണ് പൂക്കള്‍ക്ക്. തിരുവോണം ആകുമ്പോഴേയ്ക്കും പൂവില ഇനിയും ഉയരും. വിപണിയില്‍ പൂക്കള്‍ വാങ്ങാനുള്ള തിരക്ക് തുടങ്ങിക്കഴിഞ്ഞു.

തൃശൂര്‍: ഓണത്തിന്‍റെ വരവറിയിച്ച് നഗരങ്ങളില്‍ പൂ വിപണി. പൂക്കളമിടാനുള്ള ഓണ പൂക്കളുമായാണ് പൂവിപണിയാരംഭിച്ചത്. നഗരങ്ങളിലും സംസ്ഥാനപാതകളിലെ പ്രധാന കവലകളും കേന്ദ്രീകരിച്ചാണ് പൂ കച്ചവടം ആരംഭിച്ചിട്ടുള്ളത്. ചുവപ്പ്, മഞ്ഞ വര്‍ണങ്ങളിലൂള്ള ചെണ്ടുമല്ലികളും അരളി, ജമന്തി, മറ്റ് നാടന്‍ പൂക്കളും ചില്ലി റോസും മുല്ലയും ബാംഗ്ലൂര്‍ പൂക്കളും വിപണിയിലുണ്ട്. എന്നാല്‍ തൊട്ടാല്‍ പൊള്ളുന്ന വിലയാണ് പൂക്കള്‍ക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില കൂടുതലാണ് പൂക്കള്‍ക്ക്. തിരുവോണം ആകുമ്പോഴേയ്ക്കും പൂവില ഇനിയും ഉയരും. വിപണിയില്‍ പൂക്കള്‍ വാങ്ങാനുള്ള തിരക്ക് തുടങ്ങിക്കഴിഞ്ഞു.

മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലിക്ക് കിലോ 100 രൂപയാണ് വില. വാടാമല്ലിക്ക് 150 രൂപയും അരളിക്ക് 300 രൂപയുമാണ് വില. പലനിറങ്ങളിലുള്ള റോസാപൂക്കള്‍ക്കും ആസ്‌ട്രോ പൂക്കള്‍ക്കും 300 രൂപയാണ് കിലോയ്ക്ക് ഈടാക്കുന്നത്. പച്ചില എന്നു വിളിക്കുന്ന ഇല വര്‍ഗത്തിന് കിലോ 120 രൂപ. ഗണേശ ചതുര്‍ഥി കഴിയുന്നതോടെ പൂക്കളുടെ വരവും വിലയും കൂടുമെന്നും വില്‍പ്പനക്കാര്‍ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കളമത്സരങ്ങള്‍ നടത്തുന്നതിനാല്‍ പൂക്കള്‍ക്ക് വന്‍ ഡിമാന്റാണ്. ഓണവിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് പൂക്കള്‍ എത്തിയിരിക്കുന്നത്. അമ്പതും നൂറും രൂപയ്ക്ക് എട്ടുതരം പൂക്കള്‍ അടങ്ങുന്ന കിറ്റ് ലഭിക്കും.

പൂ വില്‍പ്പനയ്ക്കായി തേക്കിന്‍കാട് മൈതാനിയില്‍ ഫ്‌ളവര്‍മാര്‍ക്കറ്റും തുറന്നിട്ടുണ്ട്. അത്തം മുതല്‍ തിരുവോണംവരെ പൂക്കളം ഒരുക്കാനായി ആളുകള്‍ പൂക്കള്‍ തേടിയെത്തുമെന്ന ഉറപ്പിലാണ് കച്ചവടക്കാരുള്ളത്. പതിനാലു തരം പൂക്കളാണ് പൂവിപണിയിലുള്ളതെന്ന് കച്ചവടക്കാര്‍ പറയുന്നു. ബംഗളൂരുവില്‍നിന്നും വന്‍തോതില്‍ പൂക്കള്‍ എത്തിക്കുന്നുണ്ട്. കോയമ്പത്തൂരില്‍നിന്നും എത്തിക്കുന്ന പൂക്കള്‍ക്ക് ഇത്തവണയും വിലക്കൂടുതലാണ്. കേരളത്തില്‍ ചെണ്ടുമല്ലി വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. പഞ്ചായത്തുകളുടെ സഹായത്തോടെ കുടുംബശ്രീകളും ചെണ്ടുമല്ലി കൃഷി നടത്തുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കൃഷി നശിച്ചതാണ് പൂക്കളുടെ വില വര്‍ധനവിന് കാരണമെന്ന് പൂകച്ചവടക്കാര്‍ പറയുന്നു. അതേസമയം ചെണ്ടുമല്ലി തോട്ടങ്ങളില്‍നിന്നും പറിച്ച് വില്പന നടത്തുന്ന പൂക്കള്‍ക്ക് 80 മുതല്‍ 90 രൂപ വരെയാണ് വില ഈടാക്കുന്നത്.

ഇത്തവണത്തെ മഴക്കുറവ് ചെണ്ടുമല്ലി കൃഷിയെ ബാധിച്ചതായി ചെണ്ടുമല്ലി കര്‍ഷകര്‍ പറയുന്നു. വളപ്രയോഗത്തിനിടെയാണ് ശക്തമായ മഴ ലഭിച്ചത്. ഇതോടെ ചെടികള്‍ക്ക് നല്‍കിയ വളം ഒലിച്ചുപോയി. പിന്നീട് മഴ ഇല്ലാതിരുന്നത് കൃഷിയെ ബാധിച്ചു. അത്തത്തോടനുബന്ധിച്ചാണ് വ്യക്തികളും സംഘടനകളും നടത്തുന്ന ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചെണ്ടുമല്ലിത്തൈകള്‍ ഇത്തവണ കൃഷിഭവനുകളില്‍നിന്ന് വിതരണം ചെയതിരുന്നു. പഞ്ചായത്ത് പ്രദേശങ്ങളില്‍ നിരവധി തോട്ടങ്ങളില്‍ പൂ കൃഷി നടത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രദേശങ്ങളില്‍നിന്നടക്കമുള്ള പൂക്കള്‍ വിപണിയില്‍ എത്തുന്നതോടെ ഇത്തവണത്തെ ഓണപ്പൂ വിപണി സജീവമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!