
തിരുവനന്തപുരം: കൊവിഡ് അതിരൂക്ഷ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യ സേവനങ്ങളും അവശ്യ സ്ഥാപനങ്ങളും മാത്രമാണ് പ്രവർത്തിക്കുന്നത്. ആളുകൾ പുറത്തിറങ്ങാതാവുകയും ഹോട്ടലുകൾ അടയ്ക്കുകയും ഭക്ഷണാഅവശിഷ്ട്ടങ്ങൾ ലഭിക്കാതെ വരികയും ചെയ്തതോടെ തെരുവ് നായ്ക്കൾ പട്ടിണിയിലാണ്.
എന്നാൽ കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തുകളിലെ തെരുവുനയ്ക്കൾക്കെല്ലാം ആശ്വാസമാവുകയാണ് കുരുതംകോട് കൈലാസത്തിൽ ശ്രീദേവി. തിങ്കളാഴ്ച തെങ്ങു കയറി കിട്ടിയ കൂലിക്ക് അരിയും അത്യാവശ്യം പലവ്യഞ്ജനങ്ങളും വാങ്ങി. നാലുമണിയോടെ ഭക്ഷണം തയാറാക്കി തന്റെ ഇരുചക്ര വാഹനത്തിൽ കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തിലെ അങ്ങോളം ഇങ്ങോളമുള്ള പ്രദേശങ്ങളിൽ സഞ്ചരിച്ച് തെരുവ് നായ്ക്കൾക്ക് അന്നം നൽകി.
കാട്ടാക്കട ബസ് സ്റ്റാന്റ്, ജങ്ങ്ഷൻ, ചന്ത റോഡ്, പൂവച്ചൽ തുടങ്ങി ആറര മണിവരെ തെരുവുനായ്ക്കളുടെ വിശപ്പകറ്റാൻ ഓടി. ഇതിനിടെ നായ്ക്കുട്ടികളുമായി അവശനിലയിൽ കിടന്ന നായക്ക് ഭക്ഷണം നൽകാൻ കഴിഞ്ഞാണ് ഇന്ന് ഏറെ പുണ്യം എന്ന് ശ്രീദേവി പറഞ്ഞു.
കഴിഞ്ഞ ലോക്ഡൗൺ കാലത്തും തെരുവുനായ്കൾക്ക് ശ്രീദേവി ഭക്ഷണം എത്തിച്ചിരുന്നു. കാട്ടാക്കട, പൂവച്ചൽ പഞ്ചായത്തു കൂടാതെ അന്ന് കള്ളിക്കാട്, കുറ്റിച്ചൽ, വെള്ളനാട്, നെടുമങ്ങാട്, വെഞ്ഞാറമൂട്, പാലോട് .വിതുര ഉൾപ്പടെ പ്രദേശങ്ങളിൽ തെരുവുനായ്ക്കൾക്കു ഭക്ഷണം എത്തിച്ചിരുന്നു.
കിടപ്പ് രോഗിയിൽ നിന്ന് പ്രാർത്ഥനയും മനോധൈര്യം കൊണ്ട് ജീവിതത്തിലേക്ക് തിരികെ കയറിയ ശ്രീദേവി ഇതിനോടകം തെങ്ങു കയറ്റം, പാമ്പുപിടിത്തം, പട്ടിപിടിത്തം, മീൻവളർത്താൽ, പന്നി വളർത്തൽ, ഓട്ടോ, തയ്യൽ, തുടങ്ങി ഇരുപത്തി അഞ്ചിലധികം തൊഴിലുകൾ സ്വായത്തമാക്കുകയും ചെയ്തിട്ടുണ്ട്.
പാമ്പുപിടിത്തക്കാരായ പ്രഭാത് സജി, ആര്യങ്കോട് സുരേഷ്, സകീർ ഹുസൈൻ എന്നിവരാണ് ശ്രീദേവിക്ക് പാമ്പുപിടിത്തത്തിലെ ഗുരുക്കന്മാർ. മുയൽ, പന്നി, കോഴി, പശു, മത്സ്യം വളർത്തൽ എല്ലാം ആകെയുള്ള അഞ്ചു സെന്റ് പുരയിടത്തിൽ ശ്രീദേവി ചെയുന്നുണ്ട്. കഴിയുന്ന സഹായം ജീവജാലങ്ങൾക്ക് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ശ്രീദേവി പറഞ്ഞു. ഭർത്താവ് സുരേഷ്, ആരതി, ആദർശ് എന്നിവർ മക്കളാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam