
തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിൽ ദേഹാസ്വാസ്ഥ്യവും ഛർദ്ദി അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു.
മടത്തറ നെല്ലിക്കുന്ന് താഹന മൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്. കുടുംബം കുമ്മിൾ കിഴുനിലയിൽ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു. കുമ്മിൾ ഏയ്ഞ്ചൽ സ്കൂൾ എൽ കെ ജി വിദ്യാർഥിയാണ് മരണപ്പെട്ട ഇഷാൻ.
ബുധനാഴ്ച പുലർച്ചെ ഛർദ്ദി അനുഭവപ്പെട്ട കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലേദിവസം ബേക്കറിയിൽനിന്നു വാങ്ങിയ മിക്സ്ചർ കഴിച്ചശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കുട്ടി കഴിച്ച ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു. വിശദ പരിശോധനക്ക് ശേഷമേ എന്താണ് കാരണമെന്ന് വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.
അതിനിടെ കൊച്ചിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത എൻ സി സി സംസ്ഥാന ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചതാണ്. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് ഐ എ എസിനെ ചുമതലപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി അറിയിച്ചു. തൃക്കാക്കര കെ എം എം കോളേജിൽ നടന്ന എൻസിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. എൻ സി സി ഡയറക്ടറേറ്റിന്റെ കീഴിലുളള 21 കേരള ബറ്റാലിയൻ എൻ സി സി സ്കൂൾ / കോളേജ് കേഡറ്റുകൾ പങ്കെടുക്കുന്ന പത്ത് ദിവസത്തെ സംയുക്ത വാർഷികപരിശീലന ക്യാമ്പിനിടെയാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 ഓളം വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം