
മാനന്തവാടി: വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള മോട്ടോർ മോഷ്ടിച്ചുവിറ്റ വനംവകുപ്പ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു. നോർത്ത് വയനാട് ഡിവിഷനു കീഴിൽ ജോലിചെയ്യുന്ന വെള്ളമുണ്ട സ്വദേശി മണിമ കുഞ്ഞമ്മദിനെയാണ് ഡി.എഫ്.ഒ ദർശൻ ഗത്താനി സസ്പെൻഡ് ചെയ്തത്. മാനന്തവാടി സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏറെ വർഷത്തെ പഴക്കമുള്ള വെള്ളം പമ്പുചെയ്യുന്ന 150 കിലോയോളം വരുന്ന മോട്ടോർ.
നോർത്ത് വയനാട് ഡി.എഫ്.ഒ ക്വാർട്ടേഴ്സിനു സമീപത്തായിരുന്നു മോട്ടോർ സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നാണ് മോട്ടോർ മോഷണം പോയത്. താത്കാലിക ജീവനക്കാരെയാണ് ആദ്യം സംശയിച്ചത്. എന്നാൽ, വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ മോട്ടോർ മോഷണത്തിന്റെ പിന്നിൽ ഡ്രൈവറാണെന്ന് കണ്ടെത്തി.
സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെറ്റപ്പാലത്തെ പഴയസാധനങ്ങളെടുക്കുന്ന കടയിൽ കുഞ്ഞമ്മദ് വനംവകുപ്പിലെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തുന്ന കൊട്ടിയൂര് സ്വദേശി അജീഷിന്റെ സഹായത്തോടെ മോട്ടോർ ഇറക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ 19 ന് മോട്ടോർ കടയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. മാനന്തവാടി സാമൂഹ്യവനവത്കരണ വിഭാഗം റെയ്ഞ്ച് ഓഫീസറുടെ ചുമതല വഹിക്കുന്ന കൽപ്പറ്റ സോഷ്യൽ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ.എം. സൈതലവിയുടെ പരാതിപ്രകാരം മാനന്തവാടി പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam