
കല്‍പ്പറ്റ: കടുവ കുരുക്കിലകപ്പെട്ട് ചത്തത് ആദ്യം കണ്ടതിനെ തുടര്‍ന്ന് വനംവകുപ്പ് ചോദ്യം ചെയ്ത അമ്പുകുത്തിയിലെ മധ്യവയസ്‌കന്റെ ആത്മഹത്യയിൽ വനംവകുപ്പ് വിജിലന്‍സ് വിഭാഗവും ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസമാണ് അമ്പലവയല്‍ അമ്പുകുത്തി പാടിപറമ്പ് കുഴിവിള ഹരികുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം ഒന്നിന് പാടിപറമ്പില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കടുവ കുരുക്കിലകപ്പെട്ട് ചത്ത സംഭവത്തില്‍ വനംവകുപ്പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെയാണ് ഹരികുമാര്‍ വീട് വിട്ട് ഇറങ്ങിയതെന്ന് കുടുംബം ആരോപിച്ചിരുന്നു.
ഇതിലെ വസ്തുതകളാണ് രണ്ട് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്. ഉത്തരമേഖലാ ഫോറസ്റ്റ് വിജിലന്‍സ് ചീഫ് കണ്‍സര്‍വേറ്റര്‍ എസ്. നരേന്ദ്രബാബു ആരോപണവിധേയനായ മേപ്പാടി റേഞ്ച് ഓഫീസര്‍ ഹരിലാല്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. ഹരികുമാറിന്റെ ഭാര്യ ഉഷയുടെ മൊഴി അടുത്തദിവസം രേഖപ്പെടുത്തുമെന്നാണ് വിവരം. മേപ്പാടി റേഞ്ച് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ചും അല്ലാതെയും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഹരികുമാര്‍ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി.
മപ്പാടി റേഞ്ച് ഓഫീസര്‍ക്കെതിരെയാണ് ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ''കുരുക്ക് അഴിക്കുന്ന വിദ്യ എങ്ങനെയാണ്'', ''പ്രദേശത്ത് ആര്‍ക്കെല്ലാം കുരുക്ക് വെക്കാനറിയാം'' തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ച് റേഞ്ചര്‍ നിരന്തരം ഹരികുമാറിനെ വിളിച്ചിരുന്നതായാണ് ഭാര്യ ഉഷയുടെ ആരോപണം. മൂന്ന് ദിവസം തുടര്‍ച്ചയായി ഉദ്യോഗസ്ഥര്‍ ശല്ല്യപ്പെടുത്തിയതോടെയാണ് ഹരികുമാര്‍ മാനസികമായി തകര്‍ന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇവ കൃത്യമായി പരിശോധിക്കാനാണ് വനംവകുപ്പ് വിജിലന്‍സ് ശ്രമിക്കുന്നത്.
ഫോണ്‍രേഖകളടക്കം ഇതിനായി പരിശോധിക്കും. ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. എ. റബീയത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. അതേ സമയം ഹരികുമാറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന നിലപാടിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. നാട്ടുകാരുടെ സാന്നിധ്യത്തിലാണ് മൊഴിയെടുക്കല്‍ നടത്തിയതെന്നും ഇവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam