
കൊച്ചി: വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്പിൽ പണം നിക്ഷേപിച്ച് മൂന്ന് കോടി രൂപ നഷ്ടപ്പെട്ട റിട്ടയേഡ് ബി എസ് എൻ എൽ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാലൂർപടി മേക്കാട്ട്മന രാജൻ നമ്പൂതിരി (65) യാണ് മരിച്ചത്. ഇന്നലെ പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവെ ട്രാക്കിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തട്ടിപ്പിനിരയായതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു രാജൻ നമ്പൂതിരിയെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ വർഷമാണ് വ്യാജ ട്രേഡിംഗിലൂടെ രാജൻ നമ്പൂതിരിക്ക് പണം നഷ്ടമായത്. മൂന്നാഴ്ച കൊണ്ടാണ് മൂന്ന് കോടി രൂപ ആപ്പ് വഴി കബളിക്കപ്പെട്ടത്. യു.എസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പിലൂടെയാണ് രാജൻ നമ്പൂതിരി ചതിക്കപ്പെട്ടത്. വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച പണം തിരികെ കിട്ടാതെ വന്നതോടെ രാജൻ നമ്പൂതിരി സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒന്നിലധികം അക്കൗണ്ടുകളിലേക്ക് ഈ പണം നിക്ഷേപിച്ചതായി കണ്ടെത്തി. ട്രേഡിംഗിനായി നിക്ഷേപിച്ച തുക തിരിച്ച് നൽകാതെ കൂടുതൽ തുക ആവശ്യപ്പെട്ടാണ് പണം തട്ടിയെടുത്തത്. സൈബർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നിക്ഷേപിച്ച തുകയിൽ 13.5 ലക്ഷം രൂപ കോട്ടയം സൈബർ പൊലീസ് മരവിപ്പിച്ചിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഈ തുക അടുത്ത ആഴ്ച തിരികെ ലഭിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനിടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷമായി എരൂർ വെണ്ടപ്പിള്ളി അപ്പാർട്ട്മെന്റിൽ മകൾക്കും മരുമകനുമൊപ്പമാണ് രാജൻ നമ്പൂതിരി താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകിയ മൃതദേഹം ചെറുതുരുത്തിയിൽ സംസ്കരിച്ചു. ഭാര്യ: ഇന്ദിര (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ). മക്കൾ: സുകന്യ, സുജിത്ത്. മരുമകൻ: ശ്രീനാഥ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam