കയ്യേറ്റം ഒഴിപ്പിക്കല്‍; മറ്റ് ജില്ലകളിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ഇളവ് ഇടുക്കിയില്‍ ലഭിക്കുന്നില്ല: റോയ് കെ പൗലോസ്

By Web TeamFirst Published Sep 27, 2019, 8:07 PM IST
Highlights

1964 ലെ സര്‍ക്കാര്‍ ആക്ട് പ്രകാരം 13 ജില്ലകളിലും അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഇറക്കിയിരിക്കുന്ന ഉത്തരവുകള്‍ ഇടുക്കിയില്‍ മാത്രമാണ് പ്രവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതെന്ന് ആരോപണം 

ഇടുക്കി: അനധിക്യത നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നത് സംബന്ധിച്ച സംസ്ഥാനത്തുടനീളം നടപ്പിലാക്കേണ്ട ഉത്തരവുകള്‍ ഇടുക്കി ജില്ലയില്‍ മാത്രം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. 1964 ലെ സര്‍ക്കാര്‍ ആക്ട് പ്രകാരം 13 ജില്ലകളിലും അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഇറക്കിയിരിക്കുന്ന ഉത്തരവുകള്‍ ഇടുക്കിയില്‍ മാത്രമാണ് പ്രവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതെന്ന് മുന്‍ ഡിസിസി പ്രസിഡന്‍റ് റോയ് കെ പൗലോസ് പറഞ്ഞു.

ഇടുക്കിയില്‍ മാത്രം ഈ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് കര്‍ഷകര്‍ക്ക് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്ന് റോയ് കെ പൗലോസ് മൂന്നാറില്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമികള്‍ കൈയ്യേറി കള്ളപട്ടയമുണ്ടാക്കി കെട്ടിടം നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം. എന്നാല്‍ സര്‍ക്കാര്‍ പട്ടയങ്ങള്‍ അനുവദിച്ച ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത് തെറ്റായി ചിത്രിീകരിക്കുന്നത് ശരിയല്ലെന്ന് റോയ് പറഞ്ഞു. രണ്ട് വിഭാഗത്തേയും വ്യത്യസ്തമായി വേണം കാണാന്‍. നടപടികളും അത്തരത്തിലാവണമെന്ന് റോയ് ആവശ്യപ്പെട്ടു. 

യുഡിഎഫിന്‍റെ കാലത്ത് ജില്ലയിലെ ഭൂമി പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന മന്ത്രി എം എം മണി ഇടതുമുന്നണിയിറക്കിയ ഉത്തരവിനെതിരെ പ്രതികരിച്ചിട്ടില്ല. പ്രശ്‌നത്തില്‍ മന്ത്രിയും സിപിഎം, സിപിഐ ജില്ലാ നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും റോയ് ആവശ്യപ്പെട്ടു. എട്ടുവില്ലേജുകളെ ചുറ്റിപ്പറ്റിയാണ് സര്‍ക്കാരുകള്‍ ഉത്തരവുകള്‍  പുറപ്പെടുവിക്കുന്നത്. മറ്റിടങ്ങളിലെ പരിഗണന ഇടുക്കി ജില്ലയിലെ കര്‍ഷകന് ലഭിക്കുന്നില്ലെന്നും റോയ് കെ പൗലോസ് പറഞ്ഞു. 

സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷകരെ അണിനിരത്തി  യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 5ന് കട്ടപ്പനയില്‍ പ്രക്ഷോഭം നടത്തും. ഒക്ടോബര്‍ 13, 14 തീയതികളില്‍ രാപ്പകല്‍ സമരം നടത്തുമെന്നും റോയ് വ്യക്തമാക്കി. വീട് മാത്രം വച്ചിരിക്കുന്ന 15 സെന്‍റുകാരെ കുടിയൊഴിപ്പിക്കലില്‍ നിന്ന് ഒഴിവാക്കണമെന്ന നീക്കം മൂന്നാറിലെ ജനപ്രതിനിധികളെ അടക്കമുള്ളവരുടെ കയ്യേറ്റങ്ങള്‍ സംരക്ഷിക്കാനാണെന്നും റോയ് ആരോപിച്ചു. 

click me!