
മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ. മൂന്ന് ജീവപര്യന്തം ശിക്ഷയ്ക്കൊപ്പം പ്രതി 6 ലക്ഷത്തി അറുപതിനായിരം രൂപ പിഴയും നൽകണമെന്നും കോടതി വിധിച്ചു. 2021 ൽ മലപ്പുറത്താണ് സംഭവം നടന്നത്. മുൻ മദ്രസ അധ്യാപകൻ ആണ് പ്രതി. 2021 മാർച്ചിൽ മാതാവ് വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നുമുറിയിൽ പഠിച്ചു കൊണ്ടിരുന്ന 14 കാരിയെ ഇയാൾ വലിച്ചിഴച്ചു കൊണ്ടു പോയാണ് ആദ്യം പീഡിപ്പിച്ചത്. പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീടും ഇയാൾ പീഡനം നടത്തിവന്നത്. 2021 ലാണ് വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം കാസർകോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പൊലീസിനെ തള്ളിമാറ്റി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പോക്സോ കേസിലെ പ്രതിയെ മാധ്യമ പ്രവര്‍ത്തകൻ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു എന്നതാണ്. ഏഷ്യാനെറ്റ് ന്യൂസ് കാസർകോട് ബ്യൂറോയിലെ ക്യാമറാമാന്‍ സുനില്‍കുമാറാണ് പുറകേ ഓടി പ്രതിയെ കീഴ്പ്പെടുത്തിയത്. വിദ്യാനഗര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതിയായ മധൂര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ കലന്തർ എന്ന കലന്തര്‍ ഷാഫിയാണ് രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. സുനില്‍കുമാറിന്‍റെ സമയോചിതമായ ഇടപെടലാണ് പ്രതിയുടെ രക്ഷപ്പെടാനുള്ള ശ്രമത്തെ തകര്‍ത്തത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഇരുകൈയിലും വിലങ്ങ് വച്ചാണ് പൊലീസുകാര്‍ ഇയാളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്. പള്‍സ് നോക്കണമെന്നും ഒരു കൈയിലെ വിലങ്ങ് അഴിക്കണമെന്നും പരിശോധനയ്ക്കിടെ ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഒരു കൈയിലെ വിലങ്ങ് അഴിച്ചതോടെ മൂന്ന് പൊലീസുകാരെ തള്ളിമാറ്റി പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പൊലീസുകാര്‍ പിന്നാലെ ഓടിയെങ്കിലും രക്ഷയുണ്ടായില്ല. ഈ സമയത്ത് ആശുപത്രി ഗേറ്റിന് സമീപം വച്ചാണ് വിലങ്ങുമായി ഓടുന്നയാളെ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സുനില്‍കുമാര്‍ പുറകെ ഓടി സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam