പാകം ചെയ്യാന്‍ മുറിക്കുന്നതിനിടെ മത്സ്യത്തിന്റെ വയറ്റില്‍ വെട്ടിത്തിളങ്ങുന്ന നീല നിറം

By Web TeamFirst Published Sep 17, 2020, 9:13 PM IST
Highlights

മാലാപറമ്പ് സ്വദേശിയായ കുന്നത്ത് വീട്ടില്‍ സാം വാങ്ങിയ മത്സ്യം പാകം ചെയ്യാനായി മുറിച്ച് നോക്കിയപ്പോഴാണ് വെട്ടിതിളങ്ങിയ നീല നിറം ശ്രദ്ധയില്‍പ്പെട്ടത്.

മലപ്പുറം: പാകം ചെയ്യാന്‍ മുറിക്കുന്നതിനിടെ മത്സ്യത്തിന്റെ വയറ്റില്‍ വെട്ടിത്തിളങ്ങുന്ന നീല നിറത്തിലുള്ള വസ്തുക്കള്‍. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം വില്‍പ്പന നടത്തിയ 'ഐല ചെമ്പാന്‍' മത്സ്യത്തിനുള്ളിലാണ് നീല നിറം കാണപ്പെട്ടത്. ഇരുട്ട് സമയത്ത് മാത്രം ദൃശ്യമാകുന്ന നീല നിറം പകല്‍ സമയത്തോ, വെളിച്ചം തെളിയിച്ചാലോ കാണാന്‍ സാധിക്കില്ല. 

താനൂരില്‍ നിന്ന് എത്തിച്ച മത്സ്യമാണെന്ന് പറഞ്ഞാണ് വില്‍പ്പന നടത്തിയത്. കൊളത്തൂര്‍ പൊലിസ് സ്റ്റേഷന്റെയും ചന്തപ്പടിയുടേയും ഇടയിലുള്ള സ്ഥലത്ത് റോഡരികില്‍ വാഹനത്തില്‍ വില്‍പ്പന നടത്തിയ ആളില്‍ നിന്ന് വാങ്ങിയ മത്സ്യത്തിലാണ് ഇത് കണ്ടെത്തിയത്. മാലാപറമ്പ് സ്വദേശിയായ കുന്നത്ത് വീട്ടില്‍ സാം വാങ്ങിയ മത്സ്യം പാകം ചെയ്യാനായി മുറിച്ച് നോക്കിയപ്പോഴാണ് വെട്ടിതിളങ്ങിയ നീല നിറം ശ്രദ്ധയില്‍പ്പെട്ടത്.

പിന്നീട് മറ്റ് മത്സ്യങ്ങള്‍ മുറിച്ചു നോക്കിയപ്പോഴും സമാന രീതിയില്‍ എല്ലാ മത്സ്യങ്ങളുടേയും വയറിനുള്ളില്‍ വെട്ടിതിളങ്ങുന്ന ഈ വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ജില്ലയിലെ മറ്റിടങ്ങളായ എടപ്പാള്‍, പുലാമന്തോള്‍, ചട്ടിപ്പറമ്പ്, മലപ്പുറം എന്നീ ഭാഗങ്ങളില്‍ നിന്ന് മത്സ്യം വാങ്ങിയവര്‍ക്കും ഇത്തരത്തില്‍ അനുഭവം ഉണ്ടായിട്ടുണ്ട്.

click me!