കണ്ടെടുത്തത് 100 പവന്‍ മുക്കുപണ്ടം, പിടികൂടാന്‍ അതിലുമേറെ; മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടുന്ന വന്‍ സംഘം അറസ്റ്റില്‍

By Web TeamFirst Published May 2, 2019, 12:38 PM IST
Highlights

 മുക്കുപണ്ടം വാങ്ങാനെത്തുന്ന സ്വന്തം സംഘാംഗങ്ങൾക്ക് പോലും ഇയാളുടെ വാസസ്ഥലമോ, മുക്കുപണ്ട  നിർമ്മാണ ശാലയോ കാട്ടികൊടുത്തിരുന്നില്ല. മാത്രമല്ല പരിജയപ്പെടുന്നവരോട് മുരുകനെന്ന പേരാണ് ഇയാള്‍ പറഞ്ഞിരുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്തിനകത്തും പുറത്തും ധനകാര്യ സ്ഥാപനങ്ങളിലും, ബാങ്കുകളിലും വ്യാപകമായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടുന്ന വൻ സംഘത്തിലെ പ്രധാന പ്രതികളെ തിരുവനന്തപുരം റൂറൽ  ജില്ലാ പൊലീസ് മേധാവി ബി അശോകൻ ഐപിഎസ്സിന്‍റെ നിർദ്ദേശപ്രകാരം പള്ളിക്കൽ പൊലീസ് ഇൻസ്പെക്ടർ ഡി മിഥുന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ അതിവിദഗ്ദമായ രീതിയിൽ ഒർജിനൽ സ്വർണ്ണത്തെ വെല്ലുന്ന തരത്തിൽ മുക്കുപണ്ടം നിർമ്മിച്ച് നൽകുന്ന തൃശൂർ, കുറ്റൂർ, ആട്ടോർ നടുക്കുടി ഹൗസിൽ മണികണ്ഠന്‍റെ (വയസ്സ് 52 ) നേതൃത്വത്തിൽ ഉള്ള നാലംഗ സംഘമാണ് അറസ്റ്റിലായത്. 

മലപ്പുറം, കരുവാരകുണ്ട് കുന്നത്ത് ഹൗസിൽ ഇർഷാദ്(വയസ്സ് 26), മലപ്പുറം കോട്ടൂർ ചുരപ്പുലാൻ ഹൗസിൽ മജീദ് (വയസ്സ് 36 ), കിളിമാനൂർ, പാപ്പാല ബിഎസ്എച്ച് മൻസിലിൽ ഹാനിസ് (വയസ്സ് 37) എന്നിവരാണ് ഇയാളോടൊപ്പം പിടിയിലായവർ. ഇവരുടെ നേതൃത്വത്തിലുള്ള വൻ റാക്കറ്റിനെ ഉപയോഗിച്ചാണ് മണികണ്ഠൻ  മുക്കുപണ്ടങ്ങൾ പണയം വെച്ച് ലക്ഷങ്ങൾ സമ്പാദിച്ചിരുന്നത്. ഈ ശ്രൃംഖലയിലെ അഞ്ച് പേരെ പള്ളിക്കൽ പൊലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കടയ്ക്കൽ മതിര സ്വദേശി ആയ റഹീമായിരുന്നു ഈ സംഘത്തിന്‍റെ തലവൻ. ഇവരെ പൊലീസ്  കസ്റ്റഡിയിൽ വാങ്ങി നടത്തിയ വിശദമായ അന്വേഷണത്തിലാണ് മണികണ്ഠനും സംഘവും അറസ്റ്റിൽ ആകുന്നത്.

പിടികൂടിയ മുക്കുപണ്ടം ഏതാണ്ട് 100 പവനോളം വരും. ഇതിലേറെ സംഘം പണയം വച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഏതാണ്ട് 18 ലക്ഷം രൂപയുടെ മുക്കുപണ്ടം പണയ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയത്. ഇതില്‍ കൂടിയ തുകയ്ക്ക് ഇവര്‍ മുക്കുപണ്ടം പണയം വച്ചിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ് ഇവരെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കുമ്പോള്‍ കൂടുതല്‍ പണയങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നും പൊലീസ് പറഞ്ഞു. 

അറസ്റ്റിലായ മണികണ്ഠൻ അഞ്ച് വർഷങ്ങൾക്ക് മുൻപ് കോഴിക്കോട്, കാസർകോട്, വയനാട്, മലപ്പുറം ജില്ലകളിലായി സമാന കുറ്റത്തിന് അറുപതോളം കേസുകളിൽ പ്രതിയാണ്. ജയിലിൽ നിന്നിറങ്ങി കഴിഞ്ഞ നാല് വർഷമായി പുതിയ സംഘങ്ങളെ  ഉപയോഗിച്ച് ഇയാൾ ഇതേ തട്ടിപ്പ് തുടരുകയായിരുന്നു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാളെ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വാറണ്ടുകൾ  നിലവിലുണ്ടെങ്കിലും  പിടികൂടാൻ കഴിഞ്ഞിരുന്നില്ല. മുക്കുപണ്ടം വാങ്ങാനെത്തുന്ന സ്വന്തം സംഘാംഗങ്ങൾക്ക് പോലും ഇയാളുടെ വാസസ്ഥലമോ, മുക്കുപണ്ട  നിർമ്മാണ ശാലയോ കാട്ടികൊടുത്തിരുന്നില്ല. മാത്രമല്ല പരിജയപ്പെടുന്നവരോട് മുരുകനെന്ന പേരാണ് ഇയാള്‍ പറഞ്ഞിരുന്നത്. രഹസ്യ താവളത്തിൽ താമസിച്ച് ഇയാൾ നിർബാധം മുക്കുപണ്ട നിർമ്മാണം തുടരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

 റഹീമും സംഘവും  പൊലീസ് പിടിയിലായ വിവരം അറിഞ്ഞ് ഇപ്പോൾ പിടിയിലായവർ ഒളിവിൽ പോവുകയായിരുന്നു. തമിഴ്നാട്ടിലേയും കേരളത്തിലെയും വിവിധ സ്ഥലങ്ങളിൽ ദിവസങ്ങളോളം തങ്ങി നടത്തിയ വിദഗ്ധമായ അന്വേഷണമാണ്, മുക്കുപണ്ട നിർമ്മാണ സംഘത്തെ മുഴുവനായി പിടികൂടുവാൻ അന്വേഷണ സംഘത്തിനായത്. മുക്കുപണ്ടം നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ലക്ഷങ്ങൾ വില വരുന്ന ആധുനിക യന്ത്രസാമഗ്രികൾ കൂടി ഇവരിൽ നിന്നും പിടിച്ചെടുക്കുന്നതോടെ മുക്കുപണ്ട മാഫിയയുടെ പ്രവർത്തനം കേരളത്തിൽ  അവസാനിപ്പിക്കുവാൻ ആകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

പള്ളിക്കൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിൻകോർപ്പ്, മുത്തൂറ്റ് ഫൈനാൻസ്, മഹാലക്ഷ്മി ഫൈനാൻസ്, പകൽക്കുറിയിൽ പ്രവർത്തിക്കുന്ന അഖിലേഷ് ഫൈനാൻസ്, കപ്പാംവിള മഹാലക്ഷ്മി ഫൈനാൻസ്, വേമൂട് ജെയ്സൺ ഫൈനാൻസ്, കൊല്ലം ജില്ലയിലെ പാരിപ്പളളി അമ്മ ഫൈനാൻസ്, വേള മാനൂർ തിരുവോണം ഫൈനാൻസ് എന്നിവിടങ്ങളിൽ  മുക്കുപണ്ട പണയ തട്ടിപ്പ് ഇവർ നടത്തിയതായി തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ കേസ്സുകൾ റെജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ഇത് കൂടാതെ സംസ്ഥാനത്തെ ഒട്ടനവധി സ്ഥലങ്ങളിലും സംഘം തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണത്തിലൂടെ ഇത്തരത്തിലുള്ള എല്ലാ തട്ടിപ്പുകളും തെളിയിക്കാനാകും. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി അശോകൻ ഐപിഎസ്സിന്‍റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ഫേമസ് വർഗ്ഗീസ്, പള്ളിക്കൽ പൊലീസ് ഇൻസ്പെക്ടർ ഡി മിഥുൻ, സബ് ഇൻസ്പെക്ടർ വി ഗംഗാപ്രസാദ്, എഎസ്ഐ ഉദയൻ റൂറൽ ഷാഡോ ടീമംഗം ബി ദിലീപ്, പള്ളിക്കൽ സ്‌റ്റേഷനിലെ  സിപിഒമാരായ ഷാന്‍, അനീഷ്, സുധീർ, ശ്രീരാജ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

click me!