
തിരുവനന്തപുരം: തമ്പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കെ.കെ.എം. ഹോട്ടലിലെ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഓട്ടോ ഡ്രൈവർമാരായ സജു, മജു, ഹരിശങ്കർ എന്നിവരെയും സജുവിന്റെ സഹോദരൻ വിഷ്ണുവിനെയും കോടതി റിമാൻഡ് ചെയ്തു.
സംഗീത കോളേജിന് സമീപത്തെ ബാറിൽ ഈ നാലുപേരും ചേർന്ന് വൻ നാശനഷ്ടങ്ങളുണ്ടാക്കി. വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഇവർ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. തുടർന്നാണ് പോലീസ് ഇവരെ പിടികൂടിയത്. തമ്പാനൂരിലെ ഓട്ടോ ഡ്രൈവർമാരായ സജു, മജു, വിഷ്ണു എന്നിവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
മുൻപും ഇവർ തമ്പാനൂർ പോലീസ് സ്റ്റേഷന്റെ പിടിയിലായിട്ടുണ്ട്. മെഡിക്കൽ പരിശോധനയ്ക്കായി ഫോർട്ട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെ അക്രമം നടത്തിയ കേസിലും ഇവർ പ്രതികളാണ്. വിഷ്ണുവും സജുവും കഴിഞ്ഞ ദിവസം രാത്രി ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു തട്ടുകടയിൽ മദ്യപിച്ച് അടിപിടി ഉണ്ടാക്കിയതായും റിപ്പോർട്ടുണ്ട്.
അടുത്തിടെ തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാന്തി കവാടത്തിൽ നിന്ന് പൂജപ്പുര സ്വദേശിയായ ഉണ്ണി എന്നയാളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന കേസിൽ പ്രതിയായി ജാമ്യത്തിൽ ഇറങ്ങിയ ആളാണ് വിഷ്ണു.