
ഇടുക്കി: പെരിയാര്‍ കടുവാ സാങ്കേതത്തില്‍ പക്ഷി സര്‍വേ പൂര്‍ത്തിയായി. സര്‍വേയുടെ ഭാഗമായി നടന്ന കണക്കെടുപ്പില്‍ 228 ഇനത്തില്‍പ്പെട്ട പക്ഷികളെ കണ്ടെത്തി രേഖപ്പെടുത്തുവാന്‍ കഴിഞ്ഞു. ഇവയില്‍ വംശനാശ ഭീഷണി നേരിടുന്ന 16 എണ്ണവും ഉള്‍പ്പെടുന്നു. വന്യജീവി സംരക്ഷണ നിയമത്തില്‍ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട 33 ഇനത്തില്‍പ്പെട്ട പക്ഷികളെയും, പശ്ചിമഘട്ടത്തില്‍ മാത്രമായി കാണുന്ന 24 ഇനം പക്ഷികളും ഇവയില്‍ ഉള്‍പ്പെടുന്നു. സര്‍വേയുടെ ഭാഗമായി പെരിയാര്‍ കടുവ സങ്കേതത്തില്‍ പുതിയ നാല് ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പെരിയാര്‍ കടുവ സാങ്കേതത്തില്‍ ഇതുവരെ കണ്ടെത്തിയ പക്ഷികളുടെ ഇനം 345 സ്പീഷീസുകള്‍ ആക്കി പുതുക്കി.
ആരംഭിച്ചത് ജനുവരി 29 ന്
ജനുവരി 29 നാണ് പക്ഷി സര്‍വേ ആരംഭിച്ചത്. ആവാസ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 28 സ്ഥലങ്ങളിലാണ് കണക്കെടുപ്പ് നടന്നത്. കേരള കാര്‍ഷിക സര്‍വകലാശാല, സെന്‍റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് സ്റ്റഡീസ് - ബംഗളരു, കേരള വെറ്ററിനറി ആൻഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല, മലബാര്‍ ക്രിസ്ത്യന്‍ കോളജ് തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സൊസൈറ്റി ഫോര്‍ ഒഡോണേറ്റ് സ്റ്റഡീസ്- തിരുവനന്തപുരം, കോട്ടയം നേച്ചര്‍ സൊസൈറ്റി, മലബാര്‍ അവയര്‍നസ് ആന്റ് റെസ്‌ക്യു സെന്റര്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി സംഘടനകളില്‍ നിന്നുള്ള പ്രതിനിധികളും, പക്ഷി വിദഗ്ധരും ഉള്‍പ്പടെ 54 പേര്‍ വനംവകുപ്പ് ജീവനക്കാര്‍ക്കൊപ്പം കണക്കെടുപ്പില്‍ പങ്കെടുത്തു. സര്‍വേയ്ക്കു പെരിയാര്‍ ഈസ്റ്റ്, വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനിലെ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam